ശിവസേന- ബിജെപി ബന്ധം ഉലയുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി സൂചന. ധാരണകളുടെ അടിസ്ഥാനത്തില്‍ എന്‍സിപി നേതാവ് ശരത് പവ്വാറിന്റെ മകള്‍ സുപ്രിയ സുലയെ കേന്ദ്രത്തില്‍  ഉപ മുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപി യുമായി ബിജെപി സഖ്യത്തിലാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി ശിവസേനയുമായി പിരിയുകയാണെങ്കില്‍ 27 വര്‍ഷത്തെ മുന്നണി
ബന്ധമാണ് അവസാനിക്കുന്നത്. ശിവസേനയുമായുള്ള സഖ്യം ശിഥിലമാകുന്നതോടെ മഹാരാഷ്ട്രയില്‍ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. ഈ സാഹചര്യത്തെ മറികടക്കാനാണ് പുതിയ കൂട്ടുച്ചേരല്‍. മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എന്‍സിപിയെ ബിജെപി സ്വീകരിത്തുന്നതോടെ എന്‍സിപി യ്ക്കു മുന്നില്‍ വലിയ സാധ്യതകളാണ് തുറന്നിടുന്നത്. പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ നരേന്ദ്ര മോദിയും ശിവസേനയെ ഒഴിവാക്കി എന്‍സിപിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന നിര്‍ദ്ദേശം നേരിട്ട് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ 18 ലോക്‌സഭാംഗങ്ങള്‍ മാത്രമാണ് ശിവസേനക്കുള്ളത്. എന്നാല്‍ സഖ്യം പിരിയുന്നതിനെക്കുറിച്ച് ഇതുവരെ ശിവസേനാ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനം തടയാന്‍ ശിവസേന ശ്രമം നടത്തിയതും ശിവസേനയുടെ കരിഓയില്‍ പ്രയോഗവും മഹാരാഷ്ട്രയില്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയെ ഇല്ലാതാക്കാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്ന് മുതിര്‍ന്ന ശിവസേന നേതാവ് ദേശായ് അന്ന് പ്രതികരിച്ചിരുന്നു.എന്നാല്‍ ബിജെപി കൂട്ടുപിരിയുന്നതോടെ ശിവസേന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അഭ്യൂഹം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടിയ്ക്കെതിരെ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിടുന്നതില്‍ ശിവസേനയും തൃണമൂലും ഒറ്റക്കെട്ടായി നില്‍ക്കും. നോട്ടുപിന്‍വലിക്കല്‍ നടപടിയെ എതിര്‍ത്ത് ശിവസേന രംഗത്ത് വന്നത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി-ശിവസേന ബന്ധത്തില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ബിജെപി നിലപാടുകളെയും മോദി നയങ്ങളെയും എതിര്‍ത്ത് പരസ്യമായി പലപ്പോഴും ശിവസേന രംഗത്തെത്തിയിരുന്നു.

കേരളത്തിലെ സഹകരണ മേഖലയെ നശിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തില്‍ പിണറായി വിജയനെ അഭിവാദ്യചെയ്ത് ശിവസേന രംഗത്ത് വന്നത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ബിജെപി-എന്‍സിപി കൂട്ടുകെട്ടും തൃണമൂല്‍-ശിവസേന സഖ്യവും രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സൂചന. കേന്ദ്രത്തിൽ എന്‍ഡിഎ സഖ്യത്തിനുള്ളിലാണ് ബിജെപിയും ശിവസേനയുമെങ്കിലും കേരളത്തില്‍ ബിജെപി യും ശിവസേനയും പ്രവര്‍ത്തിക്കുന്നത് രണ്ടുമുന്നണികളായിട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here