ഹ്യൂസ്റ്റന്‍: മാഗിന്റെ (മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍) 2017ലെ പ്രവര്‍ത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്‍പ്പര്യമുള്ള മാഗ് മെമ്പര്‍മാര്‍ക്കും പ്രത്യേകമായി ഹ്യൂസ്റ്റന്‍ നിവാസികളായ മലയാളികള്‍ക്കുമായി ഡിസംബര്‍ 7-ാം തീയതി ബുധന്‍ വൈകുന്നേരം 7:30 മുതല്‍ (സെന്‍ട്രല്‍ ടൈം-ഹ്യൂസ്റ്റന്‍ ടൈം) കേരളാ ഡിബേറ്റ് ഫോറം യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് മാതൃകയില്‍ ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നു.

മാഗിന്റെ ഇലക്ഷന്‍ പാനലുകളെ നയിക്കുന്നവര്‍ക്കും പാനലിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായി കൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ആര്‍ക്കും ഇതില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം എന്നുള്ളത് ഓരോരുത്തരുടേയും സ്വതന്ത്ര തീരുമാനമാണ്. ഏതായാലും ഒരു സ്വതന്ത്ര ഏജന്‍സിയായ കേരളാ ഡിബേറ്റ് ഫോറം ഈ മാഗ് ഇലക്ഷന്‍ സ്വതന്ത്ര ടെലി ഡിബേറ്റിലേക്കും ഓപ്പണ്‍ ഫോറത്തിലേക്കും ഏവരേയും സവിനയം സ്വാഗതം ചെയ്യുന്നു.

അനേകര്‍ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ ടെലിഡിബേറ്റില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വയം പരിചയപ്പെടുത്തുന്നതിനും വോട്ടുകള്‍ അഭ്യര്‍ത്ഥിക്കുന്നതിനും അവസരമുണ്ടായിരിക്കും. 2017ലേക്കുള്ള പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാനുള്ള തങ്ങളുടെ യോഗ്യത,  മലയാളികളുടെ ഉന്നമനത്തിനായി മാഗിനെ എങ്ങിനെ രൂപകല്‍പ്പന ചെയ്ത് പ്രയോജനപ്പെടുത്തും, തങ്ങളുടെ പ്രവര്‍ത്തന പരിചയമെന്ത്, മികവെന്ത്, പതിവിന്‍പടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ എന്തെല്ലാം പുതുപുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടത്താന്‍ പറ്റും, മാഗിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും തങ്ങളുടെ സംഭാവനകള്‍ എന്താകും തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സജീവ ചര്‍ച്ചക്കും സംവാദങ്ങള്‍ക്കും,  ആരോഗ്യദായകങ്ങളായ വാദ പ്രതിവാദങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.

സങ്കുചിതമായ മതാധിഷ്ഠിത ചിന്തകള്‍ മാറ്റി നിര്‍ത്തി മലയാളികളെ കൂടുതലായി എങ്ങനെ സാമൂഹ്യ-സാംസ്‌ക്കാരിക സെക്കുലര്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഏതേതു സ്ഥാനാര്‍ത്ഥികള്‍ക്കു കഴിയും എന്നതിനെയൊക്കെ പറ്റിയുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും തികച്ചും സൗഹാര്‍ദ്ദതയും നിഷ്പക്ഷതയും നിലനിര്‍ത്തിക്കൊണ്ടാകും ഈ ടെലി ഡിബേറ്റ് നടത്തുക. സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരും എഴുത്തുകാരും സാഹിത്യകാരന്‍മാരും മാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ടെലികോണ്‍ഫറന്‍സ് സംവാദത്തില്‍ ആദ്യവസാനം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവതരണത്തില്‍ തികച്ചും നിഷ്പക്ഷതയും നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും പങ്കെടുക്കുന്ന എല്ലാവരുടേയും പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. ഏത് ഇലക്ഷന്‍ പാനലിലാണെങ്കിലും അല്ലെങ്കിലും പരസ്പര ബഹുമാനവും സൗഹാര്‍ദ്ദവും ഈ സംവാദത്തില്‍ ഏവരും നിലനിര്‍ത്തണം. ഡിസംബര്‍ 7-ാം തീയതി ബുധന്‍ വൈകുന്നേരം 7:30 മുതല്‍ (സെന്‍ട്രല്‍ ടൈം-ഹ്യൂസ്റ്റന്‍ ടൈം) അവരവരുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലിഫോണ്‍ ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്.

ടെലികോണ്‍ഫറന്‍സ് ഡിബേറ്റിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ :
 1-712-770-4160 അക്‌സസ് കോഡ് : 605988

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി. ജോര്‍ജ്ജ്: 281-741-9465,                       

തോമസ് ഓലിയാന്‍കുന്നേല്‍: 713-679-9950, മാത്യൂസ് ഇടപ്പാറ: 845-309-3671,                  

ടോം വിരിപ്പന്‍: 832-462-4596, മോട്ടി മാത്യു: 713-231-3735

LEAVE A REPLY

Please enter your comment!
Please enter your name here