തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ. ഇസിഎംഒ എന്ന ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. എക്സ്ട്രകോര്‍പ്പറല്‍ മെംബ്രേന്‍ ഓക്സിജനേഷന്റെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന ജയലളിതയുടെ കാര്യത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണ്ണായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഡല്‍ഹി എയിംസില്‍ നിന്നുള്ള നാലംഗ വിദഗ്ധഡോക്ടര്‍മാര്‍ ചെന്നൈയിലേക്ക് തിരിച്ചു. ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ജയലളിത.

മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളെല്ലാം ആശുപത്രിയിലുണ്ട്. പാര്‍ട്ടി എംഎല്‍എമാരെ ആശുപത്രിയേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. പതിനൊന്നു മണിക്ക് ആരംഭിച്ച എംഎൽഎമാരുടെ യോഗം തുടരുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനോട് ചെന്നൈയിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി ഗവര്‍ണര്‍ ആശുപത്രിയിലെത്തിയിരുന്നു. ഗവര്‍ണറോട് ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ചോദിച്ചറിഞ്ഞു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്ന് വൈകിട്ടോടെ ആശുപത്രിയിലെത്തും.

ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. ആശുപത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here