getNezxdc awsImages.php

ന്യൂജേഴ്‌സി: വിശ്വാസദീപ്‌തിയില്‍, പ്രാര്‍ത്ഥനാമഞ്‌ജരികള്‍ നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, ദേവാലയം നിറഞ്ഞു കവിഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി പുതുതായി പണിതീര്‍ത്ത സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

ജൂലൈ പതിനൊന്നാം തീയതി 10 മണിക്ക്‌ ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിച്ച കൂദാശാ കര്‍മ്മങ്ങളില്‍ മെട്ടച്ചന്‍ ബിഷപ്പ്‌ പോള്‍ ജി ബൂട്ടോസ്‌കി, തക്കല ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍, ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, ഫാ. ഫിലിപ്പ്‌ വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി.

`കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌. ഇന്ന്‌ സന്തോഷിച്ചുല്ലസിക്കാം’ (സങ്കീര്‍ത്തനം 118: 24).

ന്യൂജേഴ്‌സിയിലേയും, ന്യൂയോര്‍ക്കിലേയും കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അമ്പതില്‍പ്പരം വൈദീകരും, കന്യാസ്‌ത്രീകളും പങ്കെടുത്ത കൂദാശാ ചടങ്ങില്‍ ബ്രോങ്ക്‌സ്‌ ഫൊറോനാ വികാരി റവ.ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഡാലസ്‌ ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലില്‍, ഫിലാഡല്‍ഫിയ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി എന്നിവരും സന്നിഹിതരായിരുന്നു.

ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പില്‍ പത്ത്‌ ഏക്കര്‍ സ്ഥലത്ത്‌ കേരളീയ ക്രൈസ്‌തവ ശില്‌പഭംഗി വ്യക്തമാക്കുംവിധം പണിതീര്‍ത്ത പുതിയ ദേവാലയം രാവിലെ 10 മണിക്ക്‌ ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ്‌ കൂദാശ ചെയ്‌ത്‌ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.

ആരാധനയില്‍ ഒത്തുചേര്‍ന്ന്‌, സ്‌നേഹത്തിന്റെ കൂട്ടായ്‌മയില്‍ വളര്‍ന്ന്‌, വിശ്വാസത്തില്‍ ആഴപ്പെട്ട്‌ നടത്തിയ പ്രാര്‍ത്ഥനയുടേയും, പ്രാര്‍ത്ഥനകളുടേയും ഉത്തരമായി സോമര്‍സെറ്റിലെ പുതിയ ദേവാലയമാണ്‌ ജൂലൈ 11-ന്‌ കൂദാശ ചെയ്യപ്പെട്ടപ്പോള്‍ ഇടവക സമൂഹത്തിന്‌ അനുഗ്രഹവര്‍ഷമായി ലഭിച്ചത്‌.

ക്രൈസ്‌തവ സമൂഹത്തിന്റെ ആത്മീയതയുടേയും, വിശ്വാസത്തിന്റേയും പ്രതീകവും കേന്ദ്രവുമാണ്‌ ഇടവക ദേവാലയം. ഒരു ദേശത്തിന്റെ വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും ഉറവിടം ആരാധനാലയം തന്നെയാണ്‌.

വിശ്വാസമെന്നത്‌ മനുഷ്യന്റെ തെരഞ്ഞെടുപ്പിന്റെ ഫലമല്ല, മറിച്ച്‌ ദൈവത്തിന്റെ അനന്തമായ കൃപയാണ്‌. ഒരു ദേവാലയം വിശ്വാസത്തിന്റെ പ്രതീകവും. തലമുറകളായി നമ്മുടെ മാതാപിതാക്കന്മാരില്‍ നിന്നും പൈതൃകവും, ക്രിസ്‌തീയ മൂല്യങ്ങളും അടുത്ത തലമുറയിലേക്ക്‌ പകര്‍ന്നു നല്‍കുന്നതിനുള്ള തീക്ഷണതയാണ്‌ ഒരു സമൂഹത്തെ ദേവാലയ നിര്‍മ്മിതിക്ക്‌ പ്രേരിപ്പിക്കുന്നത്‌. ഇതുതന്നെയാണ്‌ ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയുടെ ആത്മീയ നേതൃത്വത്തില്‍ വളര്‍ന്നുവന്ന സോമര്‍സെറ്റിലെ ഇടവക സമൂഹത്തിനും പറയുവാനുള്ളത്‌.

ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ നിന്നും മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും, ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ ബഹു. വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇടവക സമൂഹം വിശിഷ്‌ടാതിഥികളെ സ്വീകരിച്ച്‌ ദേവാലയത്തിലേക്ക്‌ ആനയിച്ചതോടെ കൂദാശാ ചടങ്ങുകള്‍ക്ക്‌ തുടക്കമായി.

ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്‌ ഫാദേഴ്‌സ്‌, മരിയന്‍ മദേഴ്‌സ്‌, യുവജനങ്ങള്‍, സി.എം.എല്‍ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സ്വീകരണ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

കൂദാശാ കര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ അഭിവന്ദ്യ പിതാക്കന്മാരേയും വിശിഷ്‌ടാതിഥികളേയും, ഇടവക സമൂഹത്തേയും കൂദാശാ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്‌തു. ഈ ദിവസം അനുഗ്രഹപ്രദമാക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും, ഇടവകാംഗങ്ങള്‍ക്കും, മറ്റ്‌ ഇടവകകളില്‍ നിന്നെത്തിയ സുമനസുകള്‍ക്കും നന്ദി അറിയിച്ചു.

ദേവാലയ ഗായകസംഘത്തിന്റെ ഭക്തിസാന്ദ്രവും ശ്രുതിമധുരവുമായ ഗാനാലാപനത്തിന്റെ അന്തരീക്ഷത്തില്‍ കൂദാശാ കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായി. രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ കൂദാശാ ചടങ്ങിന്റെ ഓരോ ഭാഗങ്ങളേയും ഇടവക സമൂഹത്തിന്‌ വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു.

കൂദാശാ കര്‍മ്മങ്ങള്‍ക്ക്‌ മധ്യേ മെട്ടച്ചന്‍ ബിഷപ്പ്‌ പോള്‍ ജി. ബുട്ടോസ്‌കി പുതിയ ദേവാലയത്തിനു നല്‍കിയ സന്ദേശത്തില്‍, പാശ്ചാത്യ-പൗരസ്‌ത്യ ആരാധനാക്രമങ്ങളെക്കുറിച്ച്‌ സംസാരിച്ചു. പുതിയ ദേവാലയത്തിന്‌ എല്ലാ പ്രാര്‍ത്ഥനകളും, ആശംസകളും നേര്‍ന്നതോടൊപ്പം പൗരസ്‌ത്യ ആരാധനാക്രമങ്ങള്‍ അതിന്റെ ചരിത്രവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക്‌ അതേപടി പകര്‍ന്നുകൊടുക്കുന്ന സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, അമേരിക്കന്‍ ജനതയ്‌ക്ക്‌ അതിന്റെ ഭാഗമാകാന്‍ കഴിയുന്നതിനെ ഓര്‍ത്ത്‌ നന്ദി അറിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ നടന്ന കൂദാശാ കര്‍മ്മങ്ങളില്‍ ബലിപീഠത്തിന്റേയും, ചുവരുകളുടേയും, ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റേയും തൈലാഭിഷേകം, ബേമ്മാ, മാമ്മോദീസാ തൊട്ടി, റൂശ്‌മ, ദാപ്പാ കൂദാശ, പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്കുള്ള മറ്റ്‌ വസ്‌തുക്കളുടെ ആശീര്‍വാദം, വേദപുസ്‌തകം പ്രതിഷ്‌ഠിക്കല്‍ എന്നിവ നടന്നു.

ദേവാലയ കൂദാശയ്‌ക്കും, ദിവ്യബലിയര്‍പ്പണത്തിനുംശേഷം അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സന്ദേശം നല്‍കി. വിശ്വാസത്തിലൂന്നിയ സ്‌നേഹക്കൂട്ടായ്‌മയിലൂടെ ഒരു നല്ല സ്വന്തം ദേവാലയം സ്വന്തമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും പ്രത്യേകിച്ച്‌ നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട വികാരി ഫാ. തോമസ്‌ കടുകപ്പള്ളിയെ പ്രത്യേകം അഭിനന്ദിക്കുകയും രൂപതയുടെ പേരിലുള്ള നന്ദി അറിയിക്കുകയുംചെയ്‌തു.

ഒരു ദേവാലയം കൂദാശ ചെയ്യപ്പെടുമ്പോള്‍ ദേവാലയത്തിലെ സകല വസ്‌തുക്കളും, വിശ്വാസികളും വിശുദ്ധീകരിക്കപ്പെട്ട്‌ ദൈവത്തിനായി മാറ്റിവെയ്‌ക്കപ്പെടുകയാണ്‌ ചെയ്യുന്നതെന്ന്‌ പിതാവ്‌ തന്റെ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും, വിശുദ്ധ തോമാശ്ശീഹായുടേയും അനുഗ്രഹം എന്നും ഇടവയ്‌ക്കും ഇടവക സമൂഹത്തിനും ഉണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന്‌ അഭിവന്ദ്യ പിതാവ്‌, പോപ്പ്‌ ഫ്രാന്‍സീസിന്റെ സന്ദേശം വിശ്വാസി സമൂഹത്തിനായി വായിച്ചു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സന്ദേശം വായിച്ചു. തുടര്‍ന്ന്‌ നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോയി ആലപ്പാട്ട്‌ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി ദേവാലയം എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച വിശ്വാസി സമൂഹത്തെ അഭിനന്ദിച്ചു.

നമ്മുടെ വിശ്വാസവും പാരമ്പര്യവും പുതിയ തലമുറയിലേക്ക്‌ കൈമാറേണ്ടതിന്റെ പ്രാധാന്യം അഭിവന്ദ്യ പിതാവ്‌ ഓര്‍മ്മിപ്പിച്ചു. ഇതേതുടര്‍ന്ന്‌ തക്കല രൂപതാ ബിഷപ്‌ മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍ ദേവാലയത്തിന്‌ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന്‌ സംസാരിച്ചു.

സോമര്‍സെറ്റ്‌ സീറോ മലബാര്‍ സമൂഹം തങ്ങള്‍ക്ക്‌ ലഭിച്ച നിരവധിയായ അനുഗ്രഹങ്ങള്‍ക്ക്‌ പ്രതിനന്ദിയായി സമാഹരിച്ച ഒരു തുക തക്കല രൂപതയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക്‌ വീട്‌ നിര്‍മ്മിക്കാനുള്ള പദ്ധതിയിലേക്ക്‌ ഇടവക വികാരി അഭിവന്ദ്യ ബിഷപ്പിന്‌ കൈമാറി.

ദേവാലയ നിര്‍മ്മാണത്തില്‍ സ്‌തുത്യര്‍ഹമായ സേവനം ചെയ്‌തവര്‍ക്ക്‌ ഇടവകയുടെ പേരിലുള്ള ഉപഹാര ഫലകം ബിഷപ്പ്‌ മാര്‍ അങ്ങാടിയത്ത്‌ സമ്മാനിച്ചു.

ദേവാലയ കൂദാശാ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാ അഭിവന്ദ്യ പിതാക്കന്മാര്‍ക്കും, മറ്റ്‌ വിശിഷ്‌ട വ്യക്തികള്‍ക്കും, ഇടവകാംഗങ്ങള്‍ക്കും, ബില്‍ഡിംഗ്‌ കമ്മിറ്റി, പാരീഷ്‌ കൗണ്‍സില്‍, ജോസഫ്‌ ഫാദേഴ്‌സ്‌, മരിയന്‍ മദേഴ്‌സ്‌, അള്‍ത്താര സെര്‍വേഴ്‌സ്‌, സി.എം.എല്‍, ഗായകസംഘം, ട്രസ്റ്റിമാര്‍ എന്നിവര്‍ക്ക്‌ അജിത്‌ ചിറയില്‍ നന്ദി പറഞ്ഞു.

കൂദാശാ ചടങ്ങുകള്‍ ദേവാലയത്തിലെ ഗായകസംഘവും, ഇടവകാംഗങ്ങളും ചേര്‍ന്ന്‌ ആലപിച്ച `ഇടവകജനമൊരു മനമായ്‌ ഉണരട്ടെ യേശുനാമത്തില്‍….’ എന്ന മംഗള ഗാനാലാപനത്തോടെ സമാപിച്ചു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. കൂദാശ ചടങ്ങുകള്‍ തത്സമയം കാണുന്നതിനുള്ള സൗകര്യം www.INDUSPHOTOGRAPHY.com -ലൂടെ ലഭ്യ.മാക്കിയിരുന്നു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

 

getNewsIdddmages.php

LEAVE A REPLY

Please enter your comment!
Please enter your name here