ഹൈദരാബാദ്∙ കൊലപാതക കുറ്റത്തിന് യുഎസിൽ 23 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാൾ അവിടെ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ ഒളിവിൽ കഴി‍ഞ്ഞത് ഏഴു വർഷം. ഇന്ത്യൻ വംശജനായ അമിത് മുദ്ദമല്ലേ ലിവിങ്സ്റ്റൺ ആണ് ഹൈദരാബാദിൽ വ്യാജപേരിൽ ഒളിവിൽ കഴിഞ്ഞത്. ഇക്കഴിഞ്ഞ 13ന് ഇയാളെ ഇന്ത്യയിൽ നിന്നു നാടുകടത്തി. ഇന്ത്യൻ പൊലീസിന്റെ സഹായത്തോടെ ടെക്സസിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇയാളെ കണ്ടെത്തുന്നത്. യുഎസിലെത്തിയാൽ ഉടൻ തന്നെ ലിവിങ്സ്റ്റണിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരും. സഞ്ജയ് കുമാർ എന്ന പേരിലാണ് ലിവിങ്സ്റ്റൺ ഇന്ത്യയിൽ കഴിഞ്ഞത്.

2005 സെപ്റ്റംബർ 30നാണ് കാമുകിയെ ഇയാൾ വെടിവച്ചു കൊന്നത്. ശേഷം മൃതദേഹം ടെക്സസിലെ സൗത്ത് പാദ്രേ ദ്വീപിലെ ബീച്ചിൽ കൊണ്ടിട്ടു. പിന്നീട് പിടിയിലായ ലിവിങ്സ്റ്റണെ 2007 ഫെബ്രുവരി 13ന് തടവുശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ വിധി നടപ്പിലാക്കാൻ കോടതി 60 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇതിനിടയിലാണ് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇയാള്‍ യുഎസിൽ നിന്നു രക്ഷപെട്ടത്. ഇയാൾക്കു വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കാൻ അവസരമൊരുക്കി കൊടുത്ത ജില്ലാ ജഡ്ജിമാർക്കു തടവു വിധിച്ചിരുന്നു.

ഹൈദരാബാദിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയാണ് ഇയാൾ ജോലിചെയ്തിരുന്നത്. വളരെ ശാന്തപ്രകൃതക്കാരനായ ഇയാൾ അടിക്കടി വീടുമാറുമായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. കഴിഞ്ഞ മേയ് 11നാണ് ഇയാളെ ഇന്ത്യൻ പൊലീസിന്റെ സഹായത്തോടെ യുഎസ് സംഘം അറസ്റ്റ് ചെയ്യുന്നത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പാൻകാർഡും, റേഷൻ കാർഡും ഡ്രൈവർ ലൈസൻസും ലിവിങ്സ്റ്റൺ സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here