തിരുവനന്തപുരം∙ സിപിഎമ്മിലേക്കു മടങ്ങിവരുന്ന കെ.ആർ. ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കാൻ തന്നെ സാധ്യത. സംസ്ഥാന കമ്മിറ്റി അംഗമായിത്തന്നെ അവരെ പരിഗണിക്കാവുന്നതാണ് എങ്കിലും പ്രായം അതിന് ഒരു തടസ്സമാണ്. എൺപതു കഴിഞ്ഞവരെ കേന്ദ്ര, സംസ്ഥാന സമിതികളിൽനിന്നൊഴിവാക്കുന്ന രീതിയാണു സിപിഎം ഇപ്പോൾ പിന്തുടർന്നുവരുന്നത്. ഗൗരിയമ്മയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണമെങ്കിൽ അക്കാര്യം പാർട്ടി പ്രത്യേകമായി ചർച്ച ചെയ്തു തീരുമാനിക്കേണ്ടിവരും. ഓഗസ്റ്റ് 19നു ലയനത്തിനു മുമ്പായി 13ന് ഇവിടെ സംസ്ഥാന നേതൃയോഗങ്ങളാരംഭിക്കും.

സിപിഎമ്മിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വരെയായിരുന്നു ഗൗരിയമ്മ. 1988ൽ ഇന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗമായി മാറിയ ആലപ്പുഴ സംസ്ഥാന സമ്മേളനത്തെത്തുടർന്നാണ് അവർ സെക്രട്ടേറിയറ്റിലെത്തുന്നത്. അവിടെനിന്നു സംസ്ഥാന കമ്മിറ്റിയിലേക്കും പിന്നീടു ജില്ലാകമ്മിറ്റിയിലേക്കും തരംതാഴ്ത്തപ്പെട്ട ഗൗരിയമ്മ ഒടുവിൽ പാർട്ടിക്കു പുറത്തായി. തനിക്ക് അംഗത്വമുണ്ടായിരുന്ന സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുക്കണം എന്നു ഗൗരിയമ്മയ്ക്കു വേണമെങ്കിൽ ശഠിക്കാം. എന്നാൽ അതു സംഭവിക്കാവുന്ന കാര്യമല്ല. സംസ്ഥാന കമ്മിറ്റിയിൽ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. പക്ഷേ അതു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഉദ്ദേശിച്ചുള്ളതാണ്. ഇപ്പോഴത്തെ നിലയിൽ വിഎസിനോ ഗൗരിയമ്മയ്ക്കോ ആ ഇടം കിട്ടാനിടയില്ല. സംസ്ഥാന കമ്മിറ്റിയിൽ പാലോളി മുഹമ്മദ്കുട്ടി, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ് എന്നിവരാണു നിലവിലെ ക്ഷണിതാക്കൾ. ഇവരിൽ ഗൗരിയമ്മയ്ക്കെതിരായ ഉൾപ്പാർട്ടി യുദ്ധത്തിൽ നേതൃപരമായ പങ്കുവഹിച്ചവരാണു ലോറൻസും രവീന്ദ്രനാഥും. അവരോടൊപ്പം ഗൗരിയമ്മ കൂടി ക്ഷണിതാക്കളുടെ പട്ടികയിൽപ്പെട്ടാൽ അതിലൊരു കാവ്യനീതി കാണുന്നവരുമുണ്ട്.

ഗൗരിയമ്മയുടെ മടങ്ങിവരവ് ഏറെക്കാലമായി പ്രതീക്ഷിക്കപ്പെട്ട കാര്യമാണ്. യഥാർഥത്തിൽ അത് അൽപം വൈകുകയാണുണ്ടായത്. ഗൗരിയമ്മയ്ക്കോ അവരുടെ പാർട്ടിയായ ജെഎസ്എസിനോ ഇപ്പോൾ കാര്യമായി അണികളൊന്നുമില്ല എന്നു സിപിഎമ്മിന് അറിയാം. എന്നാൽ ഗൗരിയമ്മയെപ്പോലെ ഒരു പഴയകാല ഇതിഹാസത്തെ തിരികെ കൊണ്ടുവരുന്നതു പാർട്ടിക്കും അണികൾക്കാകെയും നൽകുന്ന സന്ദേശത്തിലാണു സിപിഎം ഊന്നൽ നൽകുന്നത്. പാർട്ടിയിൽനിന്ന് അകന്നു പോയവരെയെല്ലാം പാർട്ടിയോട് അടുപ്പിക്കണം എന്നാണ് ഇക്കഴിഞ്ഞ ജൂൺ 29നു ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ വച്ച രേഖയിലും ആവശ്യപ്പെടുന്നത്. തുടർച്ചയായ തിരഞ്ഞെടുപ്പു തോൽവികളിലൂടെ പ്രതിച്ഛായാ പ്രതിസന്ധിയിലാണു സിപിഎം. മുഖം മിനുക്കാനുള്ള നടപടികളിലൊന്നുകൂടിയാണ് ഇത്. തെക്കൻകേരളത്തിലെങ്കിലും അതു ഗുണം ചെയ്യുമെന്നു സിപിഎം കരുതുന്നു. ഇടക്കാലത്തു വിഎസ് പുറത്തുപോയാൽ പകരം ഗൗരിയമ്മ ഉണ്ടായിരിക്കണം എന്നു സിപിഎം ഉറപ്പിച്ചിരുന്നു. എം.വി. രാഘവന്റെ കാര്യത്തിലെടുത്തതിലും താൽപര്യം ഗൗരിയമ്മയോടു കാട്ടിയതിനു പിന്നിലും ഇക്കാര്യമുണ്ട്. പിണറായി വിജയനും എം.എ. ബേബിയും തോമസ് ഐസക്കും ഈ ചർച്ചകൾക്കു മുൻകയ്യെടുത്തുവന്നുവെങ്കിൽ കോടിയേരിക്കായി അതു ഫലപ്രാപ്തിയിലെത്തിക്കാനുള്ള നിയോഗം. ഇപ്പോൾ വിഎസും ഗൗരിയമ്മയും ഒരുമിച്ചുതന്നെയുണ്ടാകും. എന്നാൽ പാർട്ടിയുടെ സംഘടനാ ചട്ടക്കൂട്ടിന് ഇവർ രണ്ടുപേരും എത്രകണ്ടു വിധേയരായിരിക്കും എന്ന കാര്യത്തിൽ നേതൃത്വത്തിന് ഉറപ്പുപോരാ.

പഴയതെല്ലാം മറന്നും പൊറുത്തുമാണു സിപിഎമ്മും ഗൗരിയമ്മയും ഒന്നിക്കുന്നത്. അഴിമതിക്കാരി എന്നു മുദ്രയടിച്ചാണ് അവരെ പാർട്ടി ഒഴിവാക്കിയത്. ‘തോട്ടണ്ടിയുടെ തോടു പൊളിക്കുമ്പോൾ’ എന്ന പേരിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ പേരിൽ തന്നെ അവർക്കെതിരെ പുസ്തകം പുറത്തിറങ്ങിയിരുന്നു. അതിൽ ‘അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന വ്യക്തി’ എന്നുവരെ ഇഎംഎസ് ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ മുതിർന്നു. അതൊന്നും പാർട്ടി തിരുത്തിയിട്ടില്ല. പക്ഷേ കാലം എല്ലാം മായ്ക്കുന്നു എന്ന തത്വമാണ് ഇക്കാര്യത്തിൽ കൂടുതലായി സ്വീകരിച്ചിരിക്കുന്നത് എന്നു മാത്രം.

തനിക്കൊപ്പമുള്ള ഏതാനും ചിലർക്കുകൂടി പദവികൾ ഗൗരിയമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ ഘടകങ്ങളിൽ അവരെ ഉൾപ്പെടുത്തും. പി. കൃഷ്ണപിള്ളയുടെ ജീവിതകഥ പറയുന്ന ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചലച്ചിത്രത്തിന്റെ സ്വിച്ചോൺ കർമം നിർവഹിക്കാൻവേണ്ടിയാണു പതിറ്റാണ്ടുകൾക്കുശേഷം ഗൗരിയമ്മ എകെജി സെന്ററിന്റെ ഭാഗമായ എകെജി ഹാളിന്റെ പടികയറുന്നത്. ഇപ്പോൾ പി. കൃഷ്ണപിള്ള ദിനം തന്നെയായ ഓഗസ്റ്റ് 19 എകെജി സെന്ററിലേക്കുള്ള അവരുടെ മടക്കയാത്രയുടെ ദിവസമായും മാറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here