മുംബൈ∙ ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. മഹാരാഷ്ട്രയിലെ ഡോഡാമാർഗിലെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കേരള പൊലീസിന് വിവരം ലഭിച്ചു. തൊഴിലാളിയെന്ന വ്യാജേന ഫാം ഹൗസിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് മരിച്ചത് വാസുവാണെന്ന് തിരിച്ചറിഞ്ഞത്.

സംഘത്തിലെ പാചകക്കാരന്റെ മൊഴിയിലൂടെയാണ് വാസുവിന്റെ പങ്കുവെളിപ്പെട്ടത്. സംഘത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, വാസു ഒളിച്ചു താമസിച്ചിരുന്ന ഫാം ഹൗസ് ഒരു മലയാളിയുടേതാണെന്നും സൂചനകളുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു ശേഷം വാസുവിനോട് ഇവിടെ നിന്നും മാറിപ്പോകാൻ ഉടമ നിർദേശിച്ചിരുന്നു. തുടർന്ന് ട്രെയിൻ മാർഗം നാട്ടിലേക്ക് പോരുന്നതിന് വാസു തീരുമാനിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കേസിലെ ഏറ്റവും നിർണായകമായ കണ്ണിയാണ് മരിച്ച വാസു. കോതമംഗലം കുട്ടമ്പുഴ കൂവപ്പുഴ സ്വദേശിയാണ് വാസു. ആനകളെ കാട്ടിൽ കയറി വെടിവച്ചിരുന്നത് വാസുവാണ്. ഇരുപതോളം ആനകളെയാണ് വാസു കൊലപ്പെടുത്തിയത്. രാജ്യാന്തര തലത്തിലേക്കും ആനവേട്ട വ്യാപിച്ചിരുന്നുവെന്നാണ് വിവരം. 19 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ 16 പേരും ആനക്കൊമ്പ് വാങ്ങി അലങ്കാരവസ്തുക്കൾ നിർമിക്കുന്നവരും ഇടനിലക്കാരുമാണ്. മറ്റു മൂന്നുപേർ വേട്ട സംഘത്തിലുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here