എലൻവിൽ ∙ ശാന്തമായ തുടക്കം, ഗംഭീരമായ അവസാനം. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിനം അക്ഷരാർത്ഥത്തിൽ അങ്ങനെയായിരുന്നു. യാമ പ്രാർഥനകളും ധ്യാനവും നിറഞ്ഞ ആത്മീയാന്തരീക്ഷം പലപ്പോഴും പസഫിക്കിലെയും അറ്റ് ലാന്റിക്കിലെയും അപ്രതീക്ഷിത തിരമാലകളെന്ന പോലെ വിശ്വാസത്തിൽ അടിയുറച്ചു ഉയർന്നു പൊങ്ങി. ആത്മീയവും വ്യക്തിത്വവും ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ പലപ്പോഴും കോൺഫറൻസിന് മാറ്റ് കൂട്ടി. വിശ്വാസത്തിൽ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചർച്ചാ ക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെളളിയാഴ്ച സമ്പന്നവും സജീവുമായിരുന്നു.

രാവിലെ 6.30ന് നമസ്ക്കാരത്തോടെ മൂന്നാം ദിനം ആരംഭിച്ചു. തുടർന്ന് ഫാ. എൽദോസ് ഏലിയാസ് ധ്യാനപ്രസംഗം നടത്തി. 55 –ാം സങ്കീർത്തനത്തെ ആസ്പദമാക്കി ദാവീദ് രാജീവ് നേരിട്ട മാനസിക പിരിമുറുക്കങ്ങളെപ്പറ്റി പ്രതിപാദിച്ച എൽദോസ് അച്ചൻ, ഈ കാലഘട്ടത്തിലെ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഒളിച്ചോട്ടമല്ല, മറിച്ച് ദൈവ സന്നധിയിൽ സമർപ്പണ ബോധത്തോടെ നിന്ന് ദൈവാശ്രയത്തെ മുറുകെ പിടിക്കുമ്പോൾ ഉത്തരം കിട്ടുമെന്ന് സൂചിപ്പിച്ചു.

youth-and-family-conference-day-three.jpg.image.784.410

പസഫിക് ഹാളിൽ പ്രധാന പ്രാസംഗികൻ വെരി. റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ, ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗത്തിലേക്ക് കടന്നു. സഭ എന്നാലെന്ത്, നമ്മുടെ സഭയുടെ സവിശേഷതകളെന്ത് എന്നതിനെപ്പറ്റി ലളിതമായ വാക്കുകളിലൂടെ അച്ചൻ വിവരിച്ചു. സന്ദർഭോചിതമായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയും ജീവിത പന്ഥാവിലെ നേരറിവുകൾ പങ്ക് വെച്ചും ഫിലിപ്പ് തോമസ് അച്ചൻ സഭാ വിശ്വാസികളുടെ മനം കവർന്നു. യുവജനങ്ങൾക്കും കുട്ടികൾക്കുമുളള സെഷനുകൾക്ക് യഥാക്രമം ഫാ. എബി ജോർജും, ഫാ. അജു ഫിലിപ്പ് മാത്യുവും നേതൃത്വം നൽകി. ലഘു ഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചകൾ നടന്നു.

മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഫാ. ടി. എ. തോമസ് അധ്യക്ഷത വഹിച്ചു. സാറാ വർഗീസ് (ജനറൽ സെക്രട്ടറി), മേരി വർഗീസ് (ട്രഷറർ), മേരി എണ്ണച്ചേരിൽ (ദിവ്യ ബോധനം) എന്നിവർ സംസാരിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം സൂപ്പർ സെഷനുകളുടെ സമയമായിരുന്നു. ഭദ്രാസനത്തിന്റെ ഭാവി എന്ന വിഷയത്തിലൂന്നിയ ചർച്ചകൾ ഫാ. സുജിത് തോമസ് കോർഡിനേറ്റ് ചെയ്തു. മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, വെരി റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പാ എന്നിവരും പങ്കെടുത്തു.

ഉച്ചഭക്ഷണത്തിന്ശേഷം സൂപ്പർ സെഷനുകളുടെ സമയമായിരുന്നു. ഭദ്രാസനത്തിന്റെ ഭാവി എന്ന വിഷയത്തിലൂന്നിയ ചർച്ചകൾ ഫാ. സുജിത് തോമസ് കോർഡിനേറ്റ് ചെയ്തു. മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, വെരി. റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ എന്നിവരും പങ്കെടുത്തു.

1653 ലെ കൂനൻ കുരിശു സത്യം വരെയുളള മലങ്കര ഓർത്തഡോക്സ് സഭാ ചരിത്രത്തെക്കുറിച്ച് ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് ക്ലാസെടുത്തു. അറ്റ് ലാന്റിക്ക് ഹാളിൽ ‘ എന്തു കൊണ്ട് ഓർത്തഡോക്സി’ എന്ന വിഷയത്തിലൂന്നി ഫാ. വി. എം. ഷിബു ക്ലാസെടുത്തു. ഓർത്തഡോക്സിയും ഒരു ജീവിത വഴിത്താരയാണ്. ഇതിനെ ഒരു തീർത്ഥാടനത്തോടു ഉമിക്കാം. മറ്റൊന്നായി പറഞ്ഞാൽ, ദൈവത്തോട് ഒന്നായി ചേരുന്ന വളർച്ച. സത് പ്രവർത്തികൾ ചെയ്യുകയും സുവാർത്ത് അറിയിക്കുകയും സവിനയം ജീവിക്കുകയും ചെയ്താൽ ഓർത്തഡോക്സിയിലൂടെയുളള യാത്ര ധന്യമാകും.

നാലു മണി കാപ്പിക്ക്ശേഷം നടന്ന പ്ലീനറി സെഷനിൽ കോർഡിനേറ്റർ ഫാ. വിജയ് തോമസ്, ഭദ്രാസന കൗൺസിൽ അംഗം ഡോ. സാക്ക് സഖറിയ എന്നിവർ സ്ഥിതി വിവരകണക്കുകളും സർവ്വേ ഫലങ്ങളും പങ്കുവച്ചു. ഗ്രൂപ്പ് ചർച്ചകളിൽ ഉരുത്തിരിഞ്ഞ് വന്ന ആശയങ്ങൾ വിജയ് അച്ചനും, ഡോ. സാക്ക് സഖറിയയും ചേർന്ന് നർമ്മ രസത്തിൽ അവതരിപ്പിച്ചു. യുവജനങ്ങൾക്ക് വേണ്ടി റോഷനും േനഹയും സൺഡേ സ്കൂൾ കുട്ടികളും തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചു. കുട്ടികൾ ഒരു ആക്ഷൻ സോങ് അവതരിപ്പിക്കുകയും ചെയ്തു. സ്പോർട്സ്, ഗെയിംസ് മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനവിതരണം മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

അത്താഴത്തിന് ശേഷം നമസ്ക്കാര ശുശ്രൂഷ നടന്നു. ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. മുതിർന്നവർക്കുളള ധ്യാനയോഗം ഫാ. ബോബി പീറ്റർ നയിച്ചു. 1 ശാമുവൽ 9.20നെ ആസ്പദമാക്കി ശൗലിന്റെ ജീവിത പരാജയ കഥയായിരുന്നു ബോബിയച്ചന്റെ സന്ദേശം. ദൈവത്തിന് നന്ദി കരേറ്റേണ്ട പ്രാർഥന ശൗൽ വിസ്മരിച്ചു. നൽകപ്പെട്ട രാജത്വം, പരിശുദ്ധാത്മ ആവാസം, പുതിയ ഹൃദയം എന്നിവയൊക്കെ ശൗൽ നിരാകരിച്ചു. മനസ്സിൽ അഹങ്കാരം നിറഞ്ഞപ്പോൾ ദൈവം ഈ മൂന്നു ഗുണങ്ങളും തിരിച്ചെടുത്തു. പിന്നെ നാം കാണുന്നത് ശൗലിന്റെ തകർച്ചയാണ്. ഇതൊരു പാഠമാണ്. ദൈവത്തിനു നന്ദി കരേറ്റേണ്ട മനുഷ്യരായ നാം ശൗലിനെ പോലെ ആയിത്തീരരുത്. എല്ലാ ദിവസവും പ്രാർഥിക്കണം. ദൈവം തരുന്ന അനുഗ്രഹങ്ങളെ അഹങ്കാരം കാണിച്ചു നിരാകരിക്കാതെയിരിക്കുക. യുവജനങ്ങൾക്കുളള ധ്യാനം ഫാ. ഗ്രിഗറി വർഗീസും കുട്ടികൾ‍ക്കുളളത് വെരി റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പയും നിർവഹിച്ചു.

തുടർന്ന് പ്രത്യേക പ്രാർഥനകളോടെ വി. കുമ്പസാരത്തിനുളള സമയമായിരുന്നു. മൂന്നു ദിവസത്തെ തിരക്കാർന്ന പ്രോഗ്രാമുകളിൽ പങ്കെടുത്തു പങ്കെടുപ്പിച്ചും നേതൃത്വം കൊടുത്തും സഹകരിച്ചവർക്കൊക്കെ ആത്മീയ ഉണർവ്വ് അനുഭവിക്കാനും സ്വത്വത്തിലേക്ക് തിരിഞ്ഞു നോക്കാനുമുളള സമയമായിരുന്നു.

ശനിയാഴ്ച രാവിലെ നമസ്ക്കാര ശുശ്രൂഷയ്ക്ക്് ശേഷം വിശുദ്ധ കുർബാന. തുടർന്ന് സമാപന സമ്മേളനം. ഫോട്ടോ സെഷന് േശഷം ഉച്ചഭക്ഷണത്തോടുകൂടി കോൺഫറൻസ് സമാപിക്കും. അനർഘങ്ങളായ ആത്മീയ സത്യ പൊരുളുകളുടെ ചുരുൾ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുന്ന ഹൃദയ ദ്രവീകരണ മൊഴിമുത്തുകൾക്ക് വഴിയൊരുക്കിയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് വിജയമായെന്ന് വിശ്വാസികൾ ഒന്നടങ്കം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here