കോട്ടയം:ക്‌നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപതയുടെ പ്രഥമ വലിയ ഇടയനു വിശ്വാസ സാഗരത്തിന്റെ വികാരനിര്‍ഭരമായ വിട. മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥനകളോടെ കബറടക്കി. അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു. സമാപന ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. സഭയിലെ അഗ്രഗണ്യനായ വൈദിക മേലധ്യക്ഷന്റെ വേര്‍പാട് സഭയ്ക്കു തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ കര്‍മനിരതനായ ആത്മീയാചര്യനായിരുന്നു മാര്‍ കുന്നശേരിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു.

തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കി. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി. മാ!ര്‍ കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപതാ ചാന്‍സലര്‍ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ ചേന്നാക്കുഴിയും വായിച്ചു. നഗരികാണിക്കല്‍ ചടങ്ങിനുശേഷം കത്തീഡ്രല്‍ അള്‍ത്താരയോടു ചേ!ര്‍ന്നു പ്രത്യേകം തയാറാക്കിയ കല്ലറയില്‍ ഭൗതിക ശരീരം കബറടക്കി.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ എന്നിവരും വിവിധ സഭകളിലെ മേല്‍പട്ടക്കാരും അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിശ്വാസികളുടെ വലിയൊരു ഒഴുക്കിനു കോട്ടയം ഇന്നലെ സാക്ഷിയായി.

സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചതോടെ നഗരമധ്യത്തിലെ ക്രിസ്തുരാജാ കത്തീഡ്രല്‍ പരിസരം ജനസാഗരമായി മാറി. ദേവാലയ പരിസരത്തും ബിസിഎം കോളജ് അങ്കണത്തിലും പ്രത്യേക പന്തലുകളും എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിരുന്നു. പന്തലുകള്‍ നിറഞ്ഞുകവിഞ്ഞു. മാര്‍ കുന്നശേരിയെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണത്തിനിടെ പലപ്പോഴും കര്‍ദിനാള്‍ മാ!ര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കണ്ഠമിടറി. ദൈവത്തിന്റെ കൈകളില്‍ മാര്‍ കുന്നശേരി സുരക്ഷിതനാണെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു.

നഗരികാണിക്കല്‍ ചടങ്ങില്‍ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും അടങ്ങുന്ന വലിയ സംഘം വലിയ ഇടയന് അന്തിമ യാത്രാമൊഴിയേകി. മുത്തുക്കുടകളും പുഷ്പവൃഷ്ടിയുമായി അവര്‍ അകമ്പടി സേവിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ട നിരതന്നെയെത്തി. ക്രിസ്തുരാജാ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മന്ത്രി മാത്യു ടി.തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോയ് ഏബ്രഹാം, എംഎല്‍എമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.പി.ജെ.ജോസഫ്, കെ.സി.ജോസഫ്, സി.എഫ്.തോമസ്, മോന്‍സ് ജോസഫ്, സി.കെ.ആശ, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബിഷപ് ഡോ. ജയിംസ് തോപ്പില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, തോമസ് മാര്‍ തിമോത്തിയോസ്. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് മേനാംപറമ്പില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുളിക്കല്‍, കലക്ടര്‍ സി.എ.ലത, ജസ്റ്റിസ് സിറിയക് ജോസഫ്, ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here