ഓസ്റ്റിന്‍: ഹാര്‍വി ചുഴലി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക പ്രോപര്‍റ്റി ടാക്‌സ് ഉയര്‍ത്തി പണം കണ്ടെത്താനുള്ള ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണറുടെ നിര്‍ദ്ദേശം ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് നിരാകരിച്ചു. ഹൂസ്റ്റണ്‍ സിറ്റിക്ക് തന്നെ ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള സാധ്യതകളുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന റിസെര്‍വ് ഫണ്ടില്‍ നിന്നും ഉടനടി പണം നല്‍കിയില്ലെങ്കില്‍ നികുതി വര്‍ദ്ധനവ് അനിവാര്യമാണെന്ന് മേയര്‍ ചൂണ്ടിക്കാട്ടിയതിനെ ഇന്ന് (സെപ്റ്റംബര്‍ 26 ന്) ഗവര്‍ണര്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഹാര്‍വി ചുഴലിയില്‍ നാശനഷ്ടം സംഭവിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് തന്നെ സംസ്ഥാന ഖജനാവില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ ഇതിനകം തന്നെ അനുവദിച്ചതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല പത്ത് ദിവസത്തിനകം ചിലവാക്കിയ തുകയുട ഇന്‍വോയ്‌സ് സമര്‍പ്പിച്ചാല്‍ അത്രയും തുക നല്‍കുന്നതിനും സംസ്ഥാനം തയ്യാറാണെന്ന് ഏബട്ട് പറഞ്ഞു.

ഹൂസ്റ്റണ്‍ മേയറുടേയും, സിറ്റി അധികൃതരുടേയും നിര്‍ദ്ദേശം ഹൂസ്റ്റണിലെ 225000 ഡോളര്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാര്‍ഷിക നികുതിയില്‍ 48 ഡോളര്‍ വീതം വര്‍ദ്ധിപ്പിച്ചു 50 മില്യണ്‍ ഡോളര്‍ ഫണ്ട് ലഭിക്കുക എന്നതായിരുന്നു.

ചുഴലി ദുരന്തം ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതിനുള്ള അവസരമാക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

200 മൈല്‍ ചുറ്റളവില്‍ നാശം വിതച്ച ഹാര്‍വി ചുഴലി 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here