ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, ഇല്ലിനോയ് സാമൂഹിക പ്രതിബദ്ധതയും സേവന തത്പരതയും മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23-നു ബെല്‍വുഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വച്ചു ഹെല്‍ത്ത് സെമിനാര്‍ നടത്തി. പ്രായഭേദമെന്യേ അനേകര്‍ക്ക് ഉപകാരപ്രദമായ ഈ സംരംഭം, നടത്തിപ്പിന്റെ കാര്യക്ഷമതകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

ഐ.എന്‍.എ.ഐ മുന്‍കൈ എടുത്ത് നടത്തിയ ഈ പരിപാടിക്ക് പ്രസിഡന്റ് ബീന വള്ളിക്കളം, വൈസ് പ്രസിഡന്റുമാരായ റാണി കാപ്പന്‍, റജീന സേവ്യര്‍, സെക്രട്ടറി സുനീന മോന്‍സി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

രാവിലെ 10 മണിക്ക് ആരംഭിച്ച ഹെല്‍ത്ത് ഫെയര്‍ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഫെയറില്‍ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ സ്ക്രീനിംഗ് ഉള്‍പ്പടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ പ്രതിരോധവും, നിവാരണ മാര്‍ഗ്ഗങ്ങളും വിശദമായി പ്രതിപാദിക്കപ്പെട്ടു.

രജിസ്‌ട്രേഷന് നേതൃത്വം കൊടുത്തത് ഗ്രേസി വാച്ചാച്ചിറയും, ഷീബാ സാബുവും ആണ്. ഗാസ്‌ട്രോ ഇന്റസ്റ്റെനല്‍ പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. സിമി ജസ്റ്റോ, സ്ലീപ് അപ്നിയയുടെ കാരണങ്ങളും ചികിത്സയും എന്നിവയെപ്പറ്റി ഡോ. സൂസന്‍ മാത്യു, ഡയബെറ്റിക് ചികിത്സയെപ്പറ്റി മേഴ്‌സി കുര്യാക്കോസ്, സ്‌ട്രോക്കിന്റെ കാരണവും ചികിത്സയും, രോഗനിര്‍ണ്ണയവും എന്ന വിഷയത്തില്‍ റജീന സേവ്യറും വിശദമായി പങ്കെടുത്തവര്‍ക്ക് മനസ്സിലാക്കി കൊടുത്തു. ബ്രസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗിന്റെ വിശദാംശങ്ങള്‍ സൂസന്‍ ചാക്കോയും, സുജാ ജോണും, അഡ്വാന്‍സ് ഡയറക്ടീവ്‌സിന്റെ പ്രാധാന്യത്തെപ്പറ്റി സുനീന മോന്‍സി ചാക്കോയും, ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളും ചികിത്സയും, സി.പി. ആര്‍ ചെയ്യുന്നതിന്റെ രീതികളും ഷിജി അലക്‌സും വിശദമായി പ്രതിപാദിച്ചു.

മറ്റു സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് ബീന വള്ളിക്കളം, ലിസാ സിബി, ജൂബി വള്ളിക്കളം, ശോഭാ കോട്ടൂര്‍, ജാസ്മിന്‍ ബിനോയി എന്നിവരും ആയിരുന്നു. രണ്ടു മണിയോടെ അവസാനിച്ച ഹെല്‍ത്ത് ഫെയറില്‍ പങ്കെടുത്ത എല്ലാവരും ഏറ്റവും ഉപകാരപ്രദമായിരുന്നു എന്നു അഭിപ്രായപ്പെട്ടു. പങ്കെടുത്ത ഏവര്‍ക്കും ഐ.എന്‍.എ.ഐ നന്ദി പ്രകാശിപ്പിക്കുന്നു. അതോടൊപ്പം തുടര്‍ന്നും ഇത്തരം ബോധവത്കരണ പരിപാടികള്‍ക്ക് ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here