വാഷിംഗ്ടൺ: ട്രംപിന്റെ ഉറക്കം നഷ്ടപ്പെടുത്താൻ ഒരു പുസ്തകമെത്തുന്നു. ട്രംപിന്റെ ഭാര്യയും യു.എസിലെ പ്രഥമ വനിതയുമായ മെലാനിയയുടെ ഉപദേശക സ്റ്റെഫാനി വിൻസ്റ്റൻ വോൾക്കോഫാണ് ‘മെലാനിയ ആന്റ് മീ” എന്ന പുസ്തകവുമായി എത്തുന്നത്. ഇരുവരുടെയും അടുത്ത സൗഹൃദത്തെക്കുറിച്ച് പറയുന്ന പുസ്തകം സെപ്തംബർ ഒന്നിന് ഗാലറി ബുക്സാണ് വിപണിയിലെത്തിക്കുന്നത്. 2018ൽ അഴിമതി ആരോപണത്തെ ത്തുടർന്നാണ് സ്റ്റെഫാനി വൈറ്റ് ഹൗസിൽ നിന്ന് പുറത്തായത്. 2017ൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി 26 മില്യൺ യു.എസ് ഡോളർ സ്റ്റെഫാനി വഴിവിട്ട് നേടിയെന്നായിരുന്നു ആരോപണം. എന്നാൽ, തനിക്ക് 1.26 മില്യൺ ഡോളർ മാത്രമാണ് ലഭിച്ചതെന്നാണ് സ്റ്റെഫാനി പറയുന്നത്.

താൻ മെലാനിയയെ ആദ്യം കണ്ടതുമുതലുള്ള കാര്യങ്ങൾ സ്റ്റെഫാനി തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വരുന്ന നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സ്റ്റെഫാനിയയെ മെലാനിയയുടെ അടുത്ത സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വൈറ്റ് ഹൗസിന്റെയും കിഴക്കൻ വിംഗിന്റെയും നാവിഗേറ്റർ എന്ന ഓമനപ്പേരിലായിരുന്നു സ്റ്റെഫാനിയ അറിയപ്പെട്ടിരുന്നത്. പ്രഥമ വനിതയുടെ ഓഫീസ് പ്രവർത്തിക്കുന്ന ഇടമാണ് വൈറ്റ് ഹൗസിന്റെ കിഴക്കൻ വിംഗ്. പടിഞ്ഞാറൻ വിംഗിലാണ് പ്രസിഡന്റിന്റെ ഓഫീസ്. 2017ൽ വൈറ്റ്ഹൗസിൽ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ പ്രഥമ വനിതയുമായുള്ള സൗഹൃദത്തെക്കുറിച്ച് സ്റ്റെഫാനി വാചാലയായിരുന്നു. തങ്ങളുടെ പതിനഞ്ചു വർഷം നീണ്ട സൗഹൃദത്തെക്കുറിച്ചും കുഴപ്പം നിറഞ്ഞ വൈറ്റ് ഹൗസ് ജീവിതത്തെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന കഥകളാകുന്ന സ്റ്റെഫാനി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയെന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്. ഇത് ട്രംപിന് കുരുക്കാകുമോയെന്നാണ് നിരൂപകർ കാത്തിരിക്കുന്നത്. അനന്തരവൾ മേരി ട്രംപിന്റെ പുസ്തകം വെളിച്ചം കാണാതിരിക്കാൻ നിയമ സഹായം ട്രംപ് തേടിയതിന് പിന്നാലെയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here