വാഷിങ്‌ടൺ: അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 140000 കടന്നു. ബുധനാഴ്‌ച മാത്രം 1001 പേർ അവിടെ മരിച്ചു. കോവിഡ്‌ വ്യാപനം നിയന്ത്രിക്കാൻ കഠിനമായി പ്രയത്നിക്കുന്ന ശാസ്‌ത്രജ്ഞരെ അവഹേളിക്കാൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അനുവാദത്തോടെ സർക്കാരിലെ ഉന്നതർ രംഗത്തുവന്നിരിക്കെയാണ്‌ അമേരിക്കയിൽവീണ്ടും മഹാമാരി കൂട്ടമരണത്തിന്‌ ഇടയാക്കുന്നത്‌.

മരണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ മരണസംഖ്യ 75000 കടന്നു. അവിടെ ബുധനാഴ്‌ച 1261 പേരാണ്‌ മരിച്ചത്‌. അമേരിക്കയിൽ 71750 പേർക്ക്‌ കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചപ്പോൾ ബ്രസീലിൽ 39705 പേരാണ്‌ പുതിയ രോഗികൾ. യുഎസിൽ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 37 ലക്ഷം കടന്നു. ബ്രസീലിൽ ഇത്‌ 20 ലക്ഷമാണ്‌.

അമേരിക്കയിൽ പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടതിൽ 25000 അരിസോണ, ടെക്‌സസ്‌, ഫ്‌ളോറിഡ എന്നീ മൂന്ന്‌ സംസ്ഥാനങ്ങളിലാണ്‌. ന്യൂയോർക്കടക്കം സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. 22 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ന്യൂയോർക്കടക്കം മൂന്ന്‌ സംസ്ഥാനങ്ങൾ ചേരുന്ന ഭാഗത്ത്‌ പ്രവേശിച്ചാൽ 14 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി.

ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ന്യൂയോർക്ക്‌‌ വിമാനത്താവളത്തിൽ കടന്നാൽ 2000 ഡോളർ പിഴയും നിർബന്ധ സമ്പർക്ക വിലക്കുമുണ്ടാകും. അതേസമയം വൈറ്റ്‌ഹൗസിലെ കോവിഡ്‌ ഡെസ്‌കിലെ അംഗവും രാജ്യത്തെ ഏറ്റവും പ്രധാന പകർച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ ഡോ. ആന്തണി ഫൗസിയെ കടന്നാക്രമിച്ച്‌ ട്രംപിന്റെ വ്യാപാര ഉപദേഷ്‌ടാവ്‌ പീറ്റർ നൊവാറോ യുഎസ്‌എ ടുഡെയിൽ ലേഖനം എഴുതിയത്‌ ട്രംപിന്റെ അനുമതിയോടെയാണെന്ന്‌ ലൊസാഞ്ചലസ്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ഇതിനിടെ രാജ്യത്തെ രോഗ പ്രതിരോധകേന്ദ്രത്തെ മറികടന്ന്‌ ഹോസ്‌പിറ്റലുകളിൽ നിന്ന്‌ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ലാബുകളെ അനുവദിച്ചതും വിവാദമായി.

LEAVE A REPLY

Please enter your comment!
Please enter your name here