ന്യൂയോർക്ക്‌: അമേരിക്കയിൽ പ്രതികൂല സാഹചര്യത്തിലും കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ഏറ്റവും മുതിർന്ന ആരോഗ്യവിദഗ്ധനായ ഡോ. ആന്തണി ഫൗച്ചിക്കെതിരെ ട്രംപിസ്റ്റുകൾ ആക്രമണം ശക്തമാക്കി. കൊറോണ വൈറസിനെ സൃഷ്ടിച്ചത്‌ ഔച്ചിയാണെന്നും പിന്നീട്‌ ചൈനയിലേക്ക്‌ അയച്ചതാണെന്നും അശാസ്‌ത്രീയ വാദങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കാറുള്ള മുൻ അമേരിക്കൻ ഗവേഷക ജൂഡി മൈകോവിറ്റ്‌സ്‌ പറഞ്ഞു. ഇതിനിടെ, വൈറ്റ്‌ഹൗസ്‌ കോവിഡ്‌ കറമസേനയിലെ അംഗമായ ഫൗച്ചിക്കെതിരെയുള്ള മറ്റൊരു പരാമർശം പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തന്നെ പ്രചരിപ്പിച്ചു.

സിൻക്ലെയർ ബ്രോഡ്‌കാസ്റ്റ്‌ ഗ്രൂപ്പിന്റെ ‘അമേരിക്ക ദിസ്‌ വീക്ക്‌’ എന്ന പരിപാടിയിൽ എറിക്‌ ബോളിങ്ങിനോടാണ്‌ ജൂഡി ഫൗച്ചിയാണ്‌ കൊറോണയുടെ സൃഷ്ടാവ്‌ എന്നുപറഞ്ഞത്‌. ഫൗച്ചിയുടെയും സംഘത്തിന്റെയും സേവനങ്ങളോട്‌ വലിയ മതിപ്പുള്ളതിനാൽ ഇത്‌ സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന്‌ സിൻക്ലെയർ ഗ്രൂപ്പ്‌ തീരുമാനിച്ചു. എന്നാൽ, ഗ്രൂപ്പിന്റെ ഒരു ചാനലിൽ സംപ്രേഷണം ചെയ്‌തതായി റിപ്പോർട്ടുണ്ട്‌.

കോവിഡിനെ ചെറുക്കാൻ ട്രംപ്‌ നിർദേശിച്ച മലമ്പനി മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കാര്യത്തിൽ ഫൗച്ചി അമേരിക്കക്കാരെ വഴിതെറ്റിക്കുകയായിരുന്നുവെന്ന്‌ ഒരു ട്വിറ്റർ അക്കൗണ്ടിൽ വന്ന ആരോപണമാണ്‌ ട്രംപ്‌ മുൻ വൈറ്റ്‌ഹൗസ്‌ ഉപദേഷ്ടാവ്‌ സ്റ്റീവ്‌ ബാനൻ അവതാരകനായ പോഡ്‌കാസ്റ്റ്‌ പരിപാടിയിലേക്ക്‌ പങ്കുവച്ചത്‌. കൂടാതെ വീണ്ടും കോവിഡിനെതിരെ മലമ്പനി മരുന്നിന്റെ പ്രചാരണവും ട്രംപ്‌ പുനരാരംഭിച്ചു.

വിമർശനങ്ങൾ തള്ളിയ ഫൗച്ചി താൻ തന്റെ ജോലിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. ഹൈഡ്രോക്‌സി ക്ലോറോക്വിൻ കോവിഡ്‌ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നതിനു നൽകിയ അനുവാദം അമേരിക്കൻ ഭക്ഷ്യ ഔഷധവകുപ്പ്‌ അടുത്തിടെ പിൻവലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here