ഐക്യരാഷ്‌ട്രകേന്ദ്രം: യുഎൻ രക്ഷാസമിതിയിൽ കോവിഡ്‌ അനന്തര ആഗോളഭരണം സംബന്ധിച്ച്‌ ചർച്ചയിൽ അമേരിക്ക തീർത്തും ഒറ്റപ്പെട്ടു. ലോകത്ത്‌ 10 ലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ മഹാമാരിയെ ശീതയുദ്ധകാലത്തെ മനോഭാവത്തോടെ അമേരിക്ക രാഷ്‌ട്രീയ ആയുധമാക്കാൻ ശ്രമിച്ചതാണ്‌ തിരിച്ചടിക്കിടയാക്കിയത്‌. കോവിഡിനെ നേരിടുന്നതിൽ പ്രകടിപ്പിച്ച അനൈക്യം കാലാവസ്ഥാ പ്രതിസന്ധിപോലെ കൂടുതൽ ഗുരുതരമായ വിഷയങ്ങളിലും തുടർന്നാൽ ഫലം ഇതിനേക്കാൾ മോശമായിരിക്കുമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ലോകത്തിന്‌ മുന്നറിയിപ്പ്‌ നൽകി.

കൊറോണ വൈറസ്‌ നിയന്ത്രണാതീതമായതായി പറഞ്ഞ ഗുട്ടെറസ്‌ ആഗോളമായ തയ്യാറെടുപ്പിന്റെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അഭാവമാണ്‌ ഇതിന്‌ കാരണമെന്ന്‌ ചൂണ്ടിക്കാട്ടി. മഹാമാരി വ്യക്തമായും അന്താരാഷ്‌ട്ര സഹകരണത്തിന്റെ പരീക്ഷയായിരുന്നു. അതിൽ ലോകം പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തിനായി സ്‌ത്രീസ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ സമീപ പതിറ്റാണ്ടുകളിൽ ചെയ്‌ത പ്രവർത്തനങ്ങളെയെല്ലാം അട്ടിമറിക്കാൻ മഹാമാരിയെ ഉപയോഗിക്കരുതെന്ന്‌ അമേരിക്കയെ ഉദ്ദേശിച്ച്‌ ഫ്രഞ്ച്‌ വിദേശമന്ത്രി ജോയു ലെദ്രിയാങ്‌ പറഞ്ഞു. പ്രത്യുൽപ്പാദന അവകാശം സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധ പുലർത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു.
സ്‌ത്രീകൾക്ക്‌ പ്രത്യുൽപ്പാദന ആരോഗ്യ അവകാശവും സേവനങ്ങളും ഉറപ്പാക്കുന്നതിനുള്ള നിയമം ഗർഭഛിദ്രത്തിനുള്ള നിയമം ആണെന്ന്‌ ആരോപിക്കുന്ന അമേരിക്ക അതിനെതിരെ യുഎന്നിൽ സമ്മർദം ചെലുത്തുന്നുണ്ട്‌. സമാനമായ ഒരു പ്രമേയത്തിനെതിരെ യുഎൻ പൊതുസഭയിൽ അമേരിക്ക ഈ മാസമാദ്യം വോട്ട്‌ ചെയ്‌തിരുന്നു.

ശീതയുദ്ധ മനോഭാവം ഉപേക്ഷിക്കണം
കോവിഡിനെതിരെ വാക്‌സിൻ ലോകത്ത്‌ എല്ലായിടത്തും ലഭ്യമാക്കുന്നതിന്‌ യുഎൻ കേന്ദ്രമാക്കി ബഹുരാഷ്‌ട്ര സഹകരണം വേണമെന്ന്‌ ചൈനയുടെ വിദേശമന്ത്രി വാങ്‌ യി യുഎൻ പൊതുസഭയിൽ പറഞ്ഞു. ഇത്തരം കാലങ്ങളിൽ പ്രധാന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. മനുഷ്യരാശിയുടെ ഭാവിക്ക്‌ മുൻഗണന നൽകി ശീതയുദ്ധമനോഭാവവും പ്രത്യയശാസ്‌ത്ര മുൻവിധികളും ഉപേക്ഷിച്ച്‌ പ്രയാസങ്ങളെ നേരിടാൻ ഒന്നിക്കണം എന്ന്‌ വാങ്‌ യി പറഞ്ഞു.

അന്താരാഷ്‌ട്ര നിയമങ്ങളുടെ പരിപാവനത സംരക്ഷിക്കാൻ ഏകപക്ഷീയമായ ഉപരോധങ്ങളെയും സ്വന്തം കോടതികളുടെ അധികാരപരിധി വിദേശത്തേക്ക്‌ വ്യാപിപ്പിക്കുന്നതിനെയും എതിർക്കണമെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ പറഞ്ഞു. സ്വന്തം ആഭ്യന്തര കുഴപ്പങ്ങൾക്ക്‌ മറ്റ്‌ രാജ്യങ്ങളെ പഴിക്കുന്ന പ്രവണതയെയും ലാവ്‌റോവ്‌ എതിർത്തു.

വിമർശനങ്ങളോട്‌ ക്ഷോഭിച്ച അമേരിക്കയുടെ യുഎൻ സ്ഥാനപതി കെല്ലി ക്രാഫ്‌റ്റ്‌ പ്രസിഡന്റ്‌ ട്രംപിനെ ഉദ്ധരിച്ചാണ്‌ സംസാരിച്ചത്‌. ശരിയായത്‌ എന്തായാലും അമേരിക്ക അത്‌ ചെയ്യുമെന്ന്‌ അവർ അവകാശപ്പെട്ടു. അത്‌ ജനപ്രിയമല്ലെങ്കിലും ചെയ്യും. ഇത്‌ ജനപിന്തുണയ്‌ക്കുള്ള മത്സരമല്ലെന്നും അവർ പറഞ്ഞു. ചൈനയ്‌ക്കെതിരെ പതിവ്‌ ആരോപണങ്ങളും അവർ ഉന്നയിച്ചു.

ഇതിന്‌ മറുപടി പറഞ്ഞ ചൈനീസ്‌ സ്ഥാനപതി ഷാങ്‌ ജുൻ അമേരിക്ക രാഷ്‌ട്രീയ വൈറസ്‌ പ്രചരിപ്പിക്കുകയാണെന്ന്‌ തിരിച്ചടിച്ചു. കോവിഡ്‌ നേരിടുന്നതിൽ അമേരിക്കയ്‌ക്കുണ്ടായ പരാജയം പൂർണമായും അവരുടെമാത്രം വീഴ്‌ചയാണെന്ന്‌ അവർ മനസ്സിലാക്കണമെന്നും ഷാങ്‌ ജുൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here