പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ വൈറ്റ് ഹൗസിന്റെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേര്‍. നിയമനിര്‍മ്മാണത്തിന് കാത്തുനില്‍ക്കാതെ ജോ ബൈഡന് പേന ഉപയോഗിച്ച് അത് ചെയ്യാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ന്യൂയോര്‍ക്ക് സെനറ്റര്‍ ഷൂമേര്‍ പറഞ്ഞു.

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുകയാണെങ്കില്‍ രാജ്യത്തുടനീളമുള്ള 75% ത്തിലധികം വരുന്ന വിദ്യാഭ്യാസ വായ്പാകുടിശ്ശികക്കാര്‍ക്ക് പൂര്‍ണ്ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗികമായും ഇളവ് ലഭിക്കുമെന്ന് ഷൂമര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ 2.4 ദശലക്ഷത്തോളം വരുന്ന ആളുകളെ സംബന്ധിച്ച് ഇത് നല്ല വാര്‍ത്ത തന്നെയായിരിക്കും. ജനുവരിയില്‍ നടക്കുന്ന പുതിയ 117ാമത് കോണ്‍ഗ്രസില്‍ മുന്‍ഗണന നല്‍കുന്ന ആദ്യ നടപടികളിലൊന്ന് വിദ്യാര്‍ത്ഥികളുടെ വായ്പാ പ്രതിസന്ധിയായിരിക്കുമെന്നും ഷൂമര്‍ പറഞ്ഞു.

അതേസമയം വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളുന്നതിന് പ്രസിഡന്റ് ജോ ബൈഡന്‍ നിയമനിര്‍മ്മാണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നാണ് ഷൂമറിന്റെ അഭിപ്രായം. 1965 ലെ ഉന്നത വിദ്യാഭ്യാസ നിയമപ്രകാരം നിലവിലുള്ള എക്‌സിക്യൂട്ടീവ് അതോറിറ്റി ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുകയും നികുതി ബാധ്യതയില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാണ് ഷൂമര്‍ പറയുന്നത്.

പകര്‍ച്ചവ്യാധിയുടെ ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ വായ്പകള്‍ അടയ്‌ക്കേണ്ടി വരുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ ഷൂമര്‍ വരാനിരിക്കുന്ന പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചു. കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ റീഫിനാന്‍സ് ചെയ്യുന്നതിനും ട്രാന്‍സിറ്റ് ഡിസ്‌കൗണ്ട് നല്‍കുന്നതിനും കോളേജ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള നടപടികള്‍ സീനിയര്‍ സെനറ്റര്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here