ഡൊണാള്‍ഡ് ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണകാലത്തെ ക്രിസ്റ്റല്‍ നാച്ചുമായി താരതമ്യപ്പെടുത്തിയ സംഭവത്തില്‍ സിഎന്‍എന്‍ ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമാന്‍പൂര്‍ ക്ഷമാപണം നടത്തി. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ഖേദിക്കുന്നുവെന്ന് അമാന്‍പൂര്‍ പറഞ്ഞു. ക്രിസ്റ്റല്‍ നാച്ചിന്റെ 82ാം വാര്‍ഷികാചരണത്തില്‍ അമാന്‍പൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

1938ല്‍ നടന്ന ക്രിസ്റ്റല്‍ നാച്ച് സംഭവമായിരുന്നു തുടര്‍ന്ന് നടന്ന ഏറ്റവും ക്രൂരായ നാസി കൊലപാതകങ്ങളുടെ ആരംഭം. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിനും സത്യത്തിനും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമെതിരായ അതിക്രമങ്ങളാണെന്ന് ക്രിസ്റ്റന്‍ നാച്ചിനെ അനുസ്മരിച്ച് അമാന്‍പൂര്‍ കൂട്ടിച്ചേര്‍ത്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അപ്രകാരമൊരു താരതമ്യപ്പെടുത്തല്‍ താന്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അമാന്‍പൂര്‍ പറഞ്ഞു.

ഹിറ്റ്‌ലറും അയാളുടെ അതിക്രമങ്ങളും ചരിത്രത്തില്‍ എക്കാലത്തും വേറിട്ടു നില്‍ക്കുമെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജനാധിപത്യം നമ്മള്‍ പ്രതീക്ഷിക്കാതെ കൈമോശം വന്നുപോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതിനാല്‍ എല്ലാവരും ഏറ്റവും തീക്ഷണതയോടെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കണമെന്നും പറയാനാണ് താന്‍ ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി.

വിവാദപരാമര്‍ശങ്ങള്‍ക്ക് ശേഷം ഇസ്രായേലും ആന്റിഡിഫമേഷന്‍ ലീഗും ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളും അമാന്‍പൂറിനെതിരെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here