വാഷിങ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പാണ്‌ നവംബർ മൂന്നിനു നടന്നതെന്ന്‌ വ്യക്തമാക്കിയ ആഭ്യന്തര സുരക്ഷാ വകുപ്പ്‌ ഉദ്യോഗസ്ഥനെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പുറത്താക്കി. വോട്ടർ ക്രമക്കേട്‌ നടന്നുവെന്ന ട്രംപിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്‌ ശരിവച്ച ആഭ്യന്തര സുരക്ഷാ വകുപ്പിൽ സൈബർ സുരക്ഷ–-അടിസ്ഥാനസൗകര്യ സുരക്ഷാ ഏജൻസിയുടെ ഡയറക്ടറായിരുന്ന ക്രിസ്റ്റഫർ ക്രെബ്‌സിനെയാണ്‌ പുറത്താക്കിയത്‌.

ട്വീറ്റിലൂടെ തീരുമാനം പ്രഖ്യാപിച്ച ട്രംപ്‌ അതിനൊപ്പം തെളിവൊന്നുമില്ലാത്ത തന്റെ ആരോപണങ്ങളും ആവർത്തിച്ചു. തങ്ങൾ ചെയ്‌തത്‌ ശരിയാണെന്ന്‌ ട്വീറ്റിലൂടെ ക്രെബ്‌സ്‌ പ്രതികരിച്ചു. തെരഞ്ഞെടുപ്പുഫലം വന്ന്‌ ദിവസങ്ങൾക്കകം ട്രംപ്‌ പ്രതിരോധ സെക്രട്ടറി മാർക്‌ എസ്‌പറിനെ പുറത്താക്കിയിരുന്നു. സിഐഎയുടെ ആദ്യ വനിതാ ഡയറക്ടർകൂടിയായ ജീന ഹാസ്‌പെലിനെയും എഫ്‌ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേയെയും ട്രംപ്‌ പുറത്താക്കിയേക്കുമെന്ന്‌ റിപ്പോർട്ടുണ്ട്‌.

ട്രംപ്‌ ഇനിയും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ തോൽവി സമ്മതിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്‌തരായ പല റിപ്പബ്ലിക്കന്മാരും എതിർ സ്ഥാനാർഥി ജോ ബൈഡന്റെ വിജയം ശരിവച്ചുകഴിഞ്ഞു. ട്രംപിൽനിന്ന്‌ ബൈഡനിലേക്ക് അധികാരമാറ്റം ചിട്ടയോടെ യഥാസമയം നടക്കുമെന്ന്‌ സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷി നേതാവ്‌ മിച്ച്‌ മക്കോണൽ പറഞ്ഞു. ബൈഡൻ മുന്നിലുള്ള ജോർജിയയിലെ 16 ഇലക്ടറൽ വോട്ടുകളുടെ കാര്യംകൂടി അറിയാനിരിക്കെ നിലവിൽ ബൈഡന്‌ 290 ഇലക്ടറൽ വോട്ടുണ്ട്‌. ട്രംപിന്‌ 232.

ചൊവ്വാഴ്‌ച സെനറ്റിൽ ഒരു വോട്ടിങ്ങിനെത്തിയ പല റിപ്പബ്ലിക്കൻ സെനറ്റർമാരും നിയുക്ത വൈസ്‌ പ്രസിഡന്റായ സെനറ്റർ കമല ഹാരിസിനെ അഭിനന്ദിച്ചു. ഇതിനിടെ, തെരഞ്ഞെടുപ്പുകാലത്തെ നുണപ്രചാരണങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്‌ ഫെയ്‌സ്‌ബുക്‌, ട്വിറ്റർ മേധാവികൾ സെനറ്റ്‌ സമിതിക്ക്‌ മൊഴിനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here