അഭിരുചിക്കും മാന്യതയ്ക്കും വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വ്യക്തിഗത ലൈസന്‍സ് പ്ലേറ്റുകള്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് കോടതി. വ്യക്തിഗത ലൈസന്‍സ് പ്ലേറ്റുകളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സന്ദേശം വഹിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വെഹിക്കിള്‍സ് ഡയറക്ടര്‍ സ്റ്റീവ് ഗോര്‍ഡനെതിരെ അഞ്ച് കാലിഫോര്‍ണിയക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സംസാരിക്കുകയായിരുന്നു യുഎസ് ജില്ലാ ജഡ്ജി ജോണ്‍ ടിഗാര്‍. മാന്യതയ്ക്ക് വിരുദ്ധമെന്ന് വിധിച്ച് വ്യക്തിഗത ലൈസന്‍സ് പ്ലേറ്റുകള്‍ നിരോധിക്കുന്നത് സംസാര സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന നടപടിയാണെന്ന് കോടതി വിലയിരുത്തി.

ഹര്‍ജി നല്‍കിയ അഞ്ച് പേരില്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഒരാളും ഉള്‍പ്പെടുന്നു. ക്വീന്‍ ഫോക്‌സ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ക്വയര്‍ എന്ന വാക്ക് ലൈസന്‍സ് പ്ലേറ്റുില്‍ ഉപയോഗിക്കാന്‍ പെര്‍മിറ്റ് ആവശ്യപ്പെട്ടെങ്കിലും അത് അപമാനകരമായി കണക്കാക്കുമെന്ന് പറഞ്ഞ ഡിഎംവി പെര്‍മിഷന്‍ റദ്ദാക്കുകയായിരുന്നു. സ്ലേയര്‍ എന്ന റോക്ക് ബാന്‍ഡിന്റെ ആരാധകന്‍ ആ വാക്ക് നമ്പര്‍ പ്ലേറ്റില്‍ എഴുതാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തല്‍, ആക്രമണോത്സുകത എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുമെന്ന് പറഞ്ഞ ഡിഎംവി പെര്‍മിഷന്‍ നല്‍കിയില്ല. തന്റെ വിളിപ്പേരും ചെന്നായ സ്‌നേഹവും കാണിക്കാന്‍ ഒജിവൂള്‍ഫ് എന്ന പേര് എഴുതാന്‍ ആഗ്രഹിച്ച സൈനികന് അത് ഒറിജിനല്‍ ഗാങ്‌സ്റ്റര്‍ എന്നതിന്റെ ചുരുക്കെഴുത്താണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.

അതേസമയം വ്യക്തിഗത സന്ദേശങ്ങള്‍ വ്യക്തികളുടെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണെന്നും അല്ലാതെ സര്‍ക്കാര്‍ സന്ദേശം അറിയിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ഒരു ഏഷ്യന്‍ അമേരിക്കന്‍ റോക്ക് ബാന്‍ഡിനെ സ്വയം സ്ലാന്റ്‌സ് എന്ന് വിളിക്കാന്‍ അനുവദിച്ച 2017 ലെ സുപ്രിംകോടതി വിധി പരാമര്‍ശിച്ച കോടതി നിസ്സാര കുറ്റങ്ങളുടെ പേരില്‍ അനുമതി നിഷേധിക്കുന്നത് സംസാര സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വ്യക്തിഗത ലൈസന്‍സ് പ്ലേറ്റുകളിലെ സന്ദേശങ്ങള്‍ തികച്ചും വ്യക്തിഗതമാണെങ്കിലും അവ അനുവദിക്കാവുന്ന പരിധിയിലുമധികം അശ്ലീലമോ, കുറ്റകൃത്യമോ ആകുന്നുവെന്ന് തോന്നുന്നുവെങ്കില്‍ അനുമതി നിഷേധിക്കാനുള്ള അവകാശം മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനുണ്ടെന്നും കോടതി വ്യകതമാക്കി.

വ്യക്തിഗതമാക്കിയ ലൈസന്‍സ് പ്ലേറ്റുകളില്‍ തങ്ങളുടെ സന്ദേശങ്ങള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാലിഫോര്‍ണിയക്കാരെ സംബന്ധിച്ച് കോടതി വിധി സന്തോഷം നല്‍കുന്നതാണെന്ന് കേസ് ഫയല്‍ ചെയ്ത പസഫിക് ലീഗല്‍ ഫൗണ്ടേഷന്റെ അറ്റോര്‍ണി വെന്‍ ഫാ പ്രസ്താവനയില്‍ പറഞ്ഞു. അവ്യക്തമായ ഇത്തരം നിരോധനങ്ങള്‍ ബ്യൂറോക്രാറ്റുകള്‍ക്ക് മുന്‍ഗണന നല്‍കാനും നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്താനും മാത്രമേ സഹായിക്കൂ എന്നും അറ്റോര്‍ണി വെന്‍ ഫാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here