മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് മാപ്പ് നല്‍കി ട്രംപ്. റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് എഫ്ബിഐയോട് കള്ളം പറഞ്ഞതായി കുറ്റം സമ്മതിച്ച തന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിനിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് നല്‍കിയത്. ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റത്തിന് മുന്‍പ് ട്രംപ് കൈക്കൊണ്ട നടപടികളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ‘മൈക്കല്‍ ഫ്‌ലിനിന് പൂര്‍ണ്ണ മാപ്പ് നല്‍കിയെന്ന് പ്രഖ്യാപിക്കുന്നുത് തന്നെ സംബന്ധിച്ച് മഹത്തായ ബഹുമതിയാണെന്നും മൈക്കളിനും കുടുംബത്തിനും ഇതുവഴി സുന്ദരമായ ഒരു താങ്ക്‌സ്ഗിവിംഗ് ലഭിക്കുമെന്ന് കരുതുന്നുവെന്നും’ ട്രംപ് ട്വീറ്റ് ചെയ്തു.

വിരമിച്ച ആര്‍മി ലെഫ്റ്റനന്റ് ജനറലായ ഫ്‌ലിന്‍, 2017 ഡിസംബറില്‍ അന്നത്തെ റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ല്യാക്കുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് എഫ്ബിഐ ഏജന്റുമാരോട് കള്ളം പറഞ്ഞതായി കുറ്റം സമ്മതിച്ചിരുന്നു.

അതേസമയം ജനറല്‍ ഫ്‌ലിനിന് മാപ്പിന്റെ ആവശ്യമില്ലെന്നും അയാള്‍ യഥാര്‍ത്ഥത്തില്‍ നിരപരാധിയാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി മക്ഇനാനി പ്രതികരിച്ചു. രഹസ്യാന്വേഷണ, നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്ക് തങ്ങളുടെ സഹ പൗരന്മാരുടെ ജീവിതത്തെ സ്വാധീനിക്കാന്‍ വളരെയധികം ശക്തിയുണ്ട്. പക്ഷപാതപരമായ രാഷ്ട്രീയ അജണ്ടകള്‍ പിന്തുടര്‍ന്ന് അവര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും ജയിലിലടയ്ക്കാനും ശ്രമിക്കുന്നുവെന്നും മക്ഇനാനി പറഞ്ഞു. ഫ്‌ളെനിന്റെ കേസ് അമേരിക്കയിലെ ഫെഡറല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ അധികാരത്തെക്കുറിച്ച് അമേരിക്കക്കാരെ ജാഗ്രതയുള്ളവരാക്കണമെന്നും മക്ഇനാനി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്റെ വിശ്വസ്തനും ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനുമായ റോജര്‍ സ്‌റ്റോണിന്റെ ശിക്ഷ ട്രംപ് ഇളവ് ചെയ്ത് നല്‍കിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് പ്രവര്‍ത്തകര്‍ റഷ്യയുമായി സഹകരിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചുള്ള സഭയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനാണ് റോജര്‍ സ്‌റ്റോണ്‍ ശിക്ഷിക്കപ്പെട്ടത്.

നാലുവര്‍ഷത്തെ തന്റെ ഭരണകാലത്ത് 27 മാപ്പുകളും പതിനൊന്ന് കമ്മ്യൂട്ടേഷനുകളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here