ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് അമേരിക്ക വിലക്കേര്‍പ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന്‍, ജൂലിയന്‍ അസാഞ്ചെ എന്നിവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ട്രംപിനോട് കോണ്‍ഗ്രസ് വനിത നേതാവ് തുളസി ഗബ്ബാര്‍ഡ്. ജനുവരി 20ന് വൈറ്റ് ഹൗസ് വിട്ടിറങ്ങുന്നതിന് മുന്‍പ് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ട്രംപ് ഇരുവര്‍ക്കും മാപ്പ് നല്‍കണമെന്ന് തുളസി ഗബ്ബാര്‍ ആവശ്യപ്പെട്ടു.

നിങ്ങള്‍ ആളുകള്‍ക്ക് മാപ്പ് നല്‍കുന്നുണ്ടല്ലോ, അങ്ങനെയെങ്കില്‍ വഞ്ചനയും കുറ്റകൃത്യവും തുറന്നുകാട്ടിയതിന്റെ പേരില്‍ ശിക്ഷയനുഭവിക്കേണ്ട വന്ന ആ രണ്ടുപേരെക്കൂടി അനുഭാവപൂര്‍വ്വം പരിഗണിക്കുക എന്ന് തുളസി ഗബ്ബാര്‍ ട്വീറ്റ് ചെയ്തു. ട്രംപ് തന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കള്‍ ഫഌനിന് കഴിഞ്ഞ ദിവസം മാപ്പ് നല്‍കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് തുളസി ഗബ്ബാര്‍ ട്വീറ്റ് ചെയ്തത്.

അമേരിക്കന്‍ രഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയ കുറ്റത്തിനാണ് എഡ്വേര്‍ഡ് സ്‌നോഡന് അമേരിക്ക് വിലക്കേര്‍പ്പെടുത്തിയത്. അമേരിക്കന്‍ രഹസ്യ പദ്ധതിയായ പ്രിസം പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സ്‌നോഡന്‍ ചോര്‍ത്തിയത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎ യുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധനാണ് എഡ്വേര്‍ഡ് സ്‌നോഡെന്‍. അമേരിക്ക തങ്ങളുടെ പൗരന്‍മാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ലോകത്തെ അറിയിക്കുകയായിരുന്നു സ്‌നോഡന്‍.

അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്‍ച്ചയാണിതെന്നു കരുതപ്പെടുന്നു. സ്‌നോഡന്‍ വഴി അമേരിക്കന്‍ രഹസ്യ സൈനിക രേഖകള്‍ തന്റെ പത്രത്തിലൂടെ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിനാണ് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെടുന്നത്. 1917 ലെ എസ്പിയനേജ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പരമാവധി 175 വര്‍ഷശം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here