വിനോദ സഞ്ചാരികളുടെ ശ്രദ്ധ വളരെയധികം ആകര്‍ഷിച്ച ഒരു ഗ്രാമമുണ്ട് ഓസ്ട്രിയയില്‍. ഗ്രാമത്തിന്റെ പേര് തന്നെയാണ് ആകര്‍ഷണത്തിന് കാരണമായത്. ഇംഗ്ലീഷ് ഭാഷയിലെ ചീത്ത വാക്കായ ഫ…ംഗ് എന്നാണ് ഗ്രാമത്തിന്റെ പേര്. വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായതോടെ ഗ്രാമത്തിന്റെ പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. വിനോദ സഞ്ചാരികളുടെ അനാവശ്യ ഇടപെടലുകള്‍ മൂലമാണ് ഗ്രാമത്തിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് പ്രദേശവാസികള്‍ ചിന്തിച്ചു തുടങ്ങിയത്.

ജര്‍മ്മന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ കൊച്ചു ഗ്രാമത്തില്‍ ഏകദേശം നൂറു കുടുംബങ്ങള്‍ മാത്രമാണ് താമസക്കാരായിട്ടുള്ളത്. ഫഗ്ഗിംങ് എന്ന് പുതിയ പേര് സ്വീകരിക്കാനാണ് തീരുമാനം. ഗ്രാമം ഉള്‍പ്പെടുന്ന ടാര്‍സ്‌ഡോര്‍ഫിന്റെ മേയറായ ആന്‍ഡ്രിയ ഹോള്‍സ്‌നറാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ കൂടുതലായൊന്നും പറയാനില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകളും മറ്റ് വിവരങ്ങളും ഇതിനകം തന്നം മാധ്യമങ്ങളിലും മറ്റും വന്നിട്ടുള്ളതാണെന്ന് മേയര്‍ ആന്‍ഡ്രിയ പറഞ്ഞു.

സൈന്‍ ബോര്‍ഡിനരികില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനായാണ് ഇംഗ്ലീഷുകാരായ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് കൂട്ടമായി എത്താറുള്ളത്. ഗ്രാമത്തിന്റെ പേരിലെ കൗതുകവും ആശ്ചര്യവും തന്നെയാണ് ഇത്തരം ഫോട്ടോയെടുക്കലുകള്‍ക്ക് പിന്നിലുള്ളത്. ഗ്രാമത്തിന്റെ പേര് പുറകിലെ സൈന്‍ബോര്‍ഡില്‍ കൃത്യമായി കാണുന്ന വിധത്തില്‍ ഫോട്ടോ എടുക്കുന്നവരില്‍ ചിലര്‍ മോശമായ പോസുകള്‍ ഉപയോഗിച്ചും ഇവിടുന്ന് ഫോട്ടോയെടുക്കുന്നു. ഗ്രാമത്തിന്റെ പേര് കൊത്തിയ സൈന്‍ ബോര്‍ഡുകള്‍ പലതവണ ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടി വന്നു.

1825 മുതല്‍ ഈ ഗ്രാമത്തിന്റെ പേര് ഇതു തന്നെയായിരുന്നുവെന്നും അതല്ല പതിനൊന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ഗ്രാമത്തിന്റെ പേര് ഇതു തന്നെയായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here