ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അമേരിക്ക വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ദിവസത്തില്‍ രണ്ട് ലക്ഷം പേര്‍ക്ക് വീതമാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത് തുടരുകയാണ്. ഈ സമയത്തിനിടെ മൂവായിരത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലേയും ഐസിയുകള്‍ ഏറെക്കുറെ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ മാത്രം 107,248 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് വ്യാപനം അതിഭീകരമായ അവസ്ഥയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫൈസര്‍ കോവിഡ് വാക്‌സിന് അമേരിക്ക അംഗീകാരം നല്‍കിയിരിക്കുന്നത്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഫൈസര്‍ വാക്‌സിന് ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നും ഫൈസറും ബയോടെകും നേരത്തേ പ്രതികരിച്ചിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 95% ഫലവത്താണെന്നന്നും കമ്പനി സ്ഥിരീകരിച്ചിരുന്നു.

ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. ബ്രിട്ടനാണ് ലോകത്താദ്യമായി ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. അമേരിക്കന്‍ കമ്പനിയായിരുന്നിട്ടും ഫൈസറിന്റെ വാക്‌സിന് രാജ്യം അനുമതി നല്‍കാന്‍ വൈകുന്നതില്‍ പലയിടത്തും നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here