ഡെലിവറി ചെയ്യാനായി ഏല്‍പ്പിച്ച പാക്കേജുകള്‍ മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച ആമസോണ്‍ ഡെലിവറി വാഹനത്തിന്റെ ഡ്രൈവര്‍ പിടിയിലായി. ന്യൂജഴ്‌സിയിലാണ് സംഭവം. ആമസോണ്‍ ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായ ഡെസ്മണ്ട് ഗൗള്‍ഡ് എന്ന 23കാരനാണ് പിടിയിലായത്. ആമസോണിന്റെ ഡെലിവറി വാഹനത്തില്‍ നിന്ന് ഇയാള്‍ എന്തൊക്കെയോ പൊതിക്കെട്ടുകള്‍ റോഡരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഒരു പോലീസ് ഓഫീസറാണ് വഴിയരുകില്‍ പാര്‍ക്ക് ചെയ്ത വാനില്‍ നിന്ന് എന്തോ ബോക്‌സ് വലിച്ചെറിയുന്നത് കണ്ടത്.

സംശയം തോന്നിയ പോലീസ് ഓഫീസര്‍ വാനിന് സമീപമെത്തി എന്താണ് എറിഞ്ഞത് എന്ന് ഡ്രൈവറായ ഡസ്മണ്ടിനോട് ചോദിച്ചു. എറിഞ്ഞത് വിസര്‍ജ്യമാണെന്നായിരുന്നു ഡസ്മണ്ടിന്റെ മറുപടി. ഇതില്‍ സംശയം തോന്നിയ പോലീസ് ഓഫീസര്‍ കാട്ടിലേക്ക് എറിഞ്ഞ പൊതിക്കെട്ട് എടുത്തുകൊണ്ട വരുവാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡസ്മണ്ട് പൊതിക്കെട്ട് എടുത്തുകൊണ്ടു വന്നു. പൊതിക്കെട്ട് വാങ്ങി പരിശോധിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവര്‍ ചെയ്യാനുള്ള പാക്കറ്റുകളായിരുന്നു അതിനുള്ളില്‍.

പതിനൊന്ന പാക്കറ്റുകളില്‍ നിന്നായി 288.87 ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് കണ്ടത്. ഇവ ഡെലിവര്‍ ചെയ്യാതെ മറിച്ച് വില്‍ക്കാനായിരുന്നു ഡസ്മണ്ടിന്റെ ലക്ഷ്യം. സാധനങ്ങള്‍ ആദ്യം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചതിനു ശേഷം പിന്നീട് മടങ്ങിവന്ന് അതെടുക്കാനായിരുന്നു ഡസ്മണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ യാദൃശ്ചികമായി പോലീസിന്റെ കണ്ണില്‍പ്പെടുകയായിരുന്നു. അനധികൃതമായി വസ്തുക്കള്‍ വലിച്ചെറിയുക, മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡസ്മണ്ട് ഗൗളിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

വിഷയത്തില്‍ ആമസോണിന്റെ ഒദ്യോഗിക വക്താവ് പ്രതികരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നല്ല സേവനം ലഭ്യമാക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നതെന്നും ഞങ്ങള്‍ ഉദ്ദേശിച്ച രീതിയിലുള്ള സേവനമല്ല ഡെലിവറി പാര്‍ട്ട്‌നറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്തരക്കാരെ ആമസോണ്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here