കൊറോണ പകര്‍ച്ചവ്യാധി അമേരിക്കയില്‍ ഏറ്റവുമധികം വിഷമത്തിലാക്കിയത് വയോധികരെയാണ്. പലരും പ്രീയപ്പെട്ടവരില്‍ നിന്നും അകന്ന് തനിയെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കുടുംബാംഗങ്ങളെയും പ്രീയപ്പെട്ടവരേയും കാണാനും ആലിംഗനം ചെയ്യാനും കഴിയാതെ പ്രയാസപ്പെടുന്ന വയോധികര്‍ക്കായി ‘ആലിംഗന മതില്‍’ എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് വിര്‍ജീനിയയിലെ ഒരു റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി.

കോവിഡ് സമൂഹ വ്യാപനത്തെ ഭയക്കാതെ സുരക്ഷിതമായി പ്രീയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള ഒരു ആശയമാണ് ആലിംഗന മതില്‍. ‘അവധി ദിനമടുക്കുമ്പോള്‍ പ്രീയപ്പെട്ടവരെ കാണാനും അവരോടൊപ്പം സന്തോഷിക്കാനും അവരെ കെട്ടിപ്പിടിക്കാനും ഒരു സുരക്ഷിതമായ മാര്‍ഗ്ഗം കണ്ടെത്തണമായിരുന്നു, പ്ലാസ്റ്റിക് ഷവര്‍ കര്‍ട്ടന്‍ ഉപയോഗിച്ച് കോവിഡ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാത്ത വിധം സുരക്ഷിതമായി ആലിംഗനം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.’ വെസ്റ്റ്മിന്‍സ്റ്റര്‍കാന്റര്‍ബറി റിട്ടയര്‍മെന്റ് ഹോം സിഇഒ ബെന്‍ അങ്കിള്‍ പറഞ്ഞു.

വെസ്റ്റ്മിനിസ്റ്റര്‍കാന്റര്‍ബറിയിലെ ഡോക്ടര്‍മാരുമായി ആലോചിച്ചാണ് സുരക്ഷിതമായ ആലിംഗന സ്‌റ്റേഷനുകള്‍ എന്ന ആശയം ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള കര്‍ട്ടന്‍ കൊണ്ട് കവചം ഒരുക്കിയിരിക്കുന്നതിനാല്‍ ഇതിലൂടെ കാണാനും ഇത് വൃത്തിയാക്കാനും എളുപ്പമാണ്. ഇവിടുത്തെ അന്തേവാസികള്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here