രാജേഷ് തില്ലങ്കേരി 


കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിയോടെ കോൺഗ്രസ് നേതാക്കൾ തമ്മിലടി തുടങ്ങി. കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങി വച്ച ആരോപണം പി ജെ കുര്യനിൽ എത്തി നിൽക്കുകയാണ്. കണ്ണൂരിൽ നിന്നും കെ സുധാകരൻ എം പിയും തൃശ്ശൂരിൽ നിന്നും ടി എൻ പ്രതാപനും തെരഞ്ഞെടുപ്പ് ഫലം വന്ന പാടെ നേതൃത്വത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.

താഴെത്തട്ടുമുതൽ നേതൃത്വമാറ്റം വേണമെന്നും കെ പി സി സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ തയ്യാറാണ് എന്നും, തന്റെ തീരുമാനം ഹൈക്കമാന്റിനെ അറിയിക്കുമെന്നും  സുധാകരൻ പറഞ്ഞു.   കോൺഗ്രസിനെ ബാധിച്ചിരിക്കുന്ന രോഗത്തിന്  സർജ്ജറി വേണമെന്നായിരുന്നു ടി എൻ പ്രതാപന്റെ ആവശ്യം. സംസ്ഥാന നേതൃത്വത്തിനെതിരെ കുറച്ചുകൂടി ശക്തമായ ഭാഷയിൽ വിമർശിച്ചാണ് കെ സുധാരൻ എം പി പ്രതിഷേധം അറിയിച്ചത്.

രാജമോഹൻ ഉണ്ണിത്താൻ കോൺഗ്രസിന്റെ തിരിച്ചു വരവിനായി എം പി സ്ഥാനം ഉപേക്ഷിക്കാൻ പോലും തയ്യാറാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസിന്റെ മതേതര നിലപാട് എങ്ങിനെയാണ് കൈമോശം വന്നതെന്ന് പുനർചിന്തനം നടത്തണമെന്നും ഉണ്ണിത്താൻ പറഞ്ഞു.

കോഴിക്കോട് എം കെ രാഘവനും നേതൃത്വത്തെ വിമർശിച്ച്  രംഗത്തെത്തി. പരമ്പരാഗത കോൺഗ്രസ് വോട്ട് ബാങ്കുകൾ നഷ്ടമായി എന്ന ആരോപണവുമായാണ് മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ രംഗത്തെത്തിയത്.

നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പി ജെ കുര്യൻ വിമർശിച്ചത്. പല കാര്യങ്ങളും ചർച്ച ചെയ്തല്ല തീരുമാനമെടുക്കുന്നതെന്നായിരുന്നു പി ജെ കുര്യന്റെ ആരോപണം. രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയത് കോൺഗ്രസിൽ ചർച്ച ചെയ്തിരുന്നില്ല എന്നും കുര്യൻ ആരോപിച്ചു. ഇതേ ആരോപണവുമായി പി സി ചാക്കോയും രംഗത്തെത്തി.

തോറ്റെന്നു പറയാൻ ഇനിയെങ്കിലും നേതാക്കൾ തയ്യാറാവണമെന്നാണ്  വി ഡി സതീശന്റെ ആവശ്യം.  

ഇതിനിടയിൽ കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെടുന്ന ബോർഡുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടത് പുതിയ ആരോപണങ്ങൾക്ക് വഴിവച്ചു. മുരളീധരൻ കോൺഗ്രസ് അധ്യക്ഷസ്ഥാനം പിടിക്കാനുള്ള അടവുകൾ നടത്തുകയാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

കെ പി സി സി അധ്യക്ഷനും കെ മുരളീധരനും പരസ്യമായി ഏറ്റുമുട്ടിയത് അണികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് മുതിർന്ന നേതാക്കളുടെ ആരോപണം. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, എം എം ഹസ്സൻ എന്നിവർക്കെതിരെയാണ് കോൺഗ്രസിൽ കലാപം.

ജോസ് കെ മാണിയുടെ മുന്നണിമാറ്റവും വെൽഫെയർപാർട്ടിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം, തുടങ്ങിയ വിഷയങ്ങളിലാണ് കോൺഗ്രസിൽ പ്രധാനമായും ആരോപണം ഉയരുന്നത്. തിരുവനന്തപുരത്തെ ദയനീയമായ പ്രകടനവും കോൺഗ്രസിൽ പ്രതിഷേധം കനത്തിരിക്കയാണ്.

സംസ്ഥാന അധ്യക്ഷനും ഡി സി സി അധ്യക്ഷന്മാരും അടക്കം നേതൃത്വത്തിൽ പൊളിച്ചെഴുതണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിയിരിക്കെ, നേതൃമാറ്റം പ്രായോഗികമല്ലെന്നും അഭിപ്രായം ഉയർന്നിരിക്കയാണ്.

കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്താൻ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നാണ് കോൺഗ്രസിലുയരുന്ന പ്രധാന ആവശ്യം. കെ സുധാകരൻ, കെ മുരളീധരൻ എന്നിവരുമായി നേരത്തെത്തന്നെ അകൽച്ചയിലായിരുന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുകയെന്നാണ് ഇരുവരും ലക്ഷ്യമിട്ടിരിക്കുന്നത്. ഇരുവരും കെ പി സി സി അധ്യക്ഷ സ്ഥാനം സ്വപ്നം കണ്ടിരിക്കുന്നവരാണ്.

യുവ നേതാക്കൾ ആരും തോൽവിയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മുതിർന്ന നേതാക്കൾ തമ്മിലുള്ള തമ്മിലടിയിൽ യുവ നേതാക്കളെല്ലാം മൗനം പാലിക്കുകയാണ്. സം ഘടനാപരമായ പരിമിതികൾ ചർച്ച ചെയ്യുന്നതിനായി ജനവരി 6, 7 തീയ്യതികളിൽ കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗം ചേരും. 
 
140 നിയോജക മണ്ഡലങ്ങളിലും കെ പി സി സി ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകുമെന്നും പ്രവർത്തകസമിതി യോഗം തീരുമാനിച്ചുവെന്നാണ് കെ പി സി സി യുടെ പ്രതികരണം വന്നിരിക്കുന്നത്. നേതൃത്വത്തിന്റെ ദൗർബല്യമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന ആരോപണത്തിലാണ് മിക്കവാറും നേതാക്കൾ.      

LEAVE A REPLY

Please enter your comment!
Please enter your name here