സ്വന്തം ലേഖകൻ 


കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തത് നീണ്ട 14 മണിക്കൂർ. രാത്രി 11 മണിയോടെയാണ് ഇ ഡിയുടെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചത്. രാവിലെ പത്തു മണിയോടെയാണ് സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിലെത്തിയത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി സി എൻ രവീന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഒൻപത് രേഖകൾ ഹാജരാക്കാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാല് രേഖകൾ മാത്രമാണ് ഹാജരാക്കിയത്.

പാസ്‌പോർട്ട്, ബാങ്ക് രേഖകൾ തുടങ്ങിയരേഖകളാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. നാല് തവണ നോട്ടീസ് നൽകിയതിനുശേഷമാണ് സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരാവുന്നത്. ഇ ഡി തുടർച്ചയായി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നുവെന്നും ഇ ഡിയെ തടയണമെന്നും കാണിച്ച് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രവീന്ദ്രന്റെ ആവശ്യത്തിന് നിയപരമായ പിന്തുണ ലഭിക്കില്ലെന്നും, ചോദ്യം ചെയ്യലിനെ എന്തുകൊണ്ടാണ് ഭയക്കുന്നതെന്നും ഹൈക്കോടതി രവീന്ദ്രന്റെ അഭിഭാഷകനോട് ആരാഞ്ഞു. ഹൈക്കോടതിയിൽ നിന്നും അനുകൂലമായ ഉത്തരവ് ലഭിക്കില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രീവിന്ദ്രൻ കൊച്ചിയിലെ എൻഫോഴ്‌സ് മെന്റ് ആസ്ഥാനത്ത് ഹാജരായത്.
 
രവീന്ദ്രന്റെ ഇടപാടുകൾ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ സി എം രവീന്ദ്രനും, എം ശിവശങ്കരനുമാണ് നിയന്ത്രിച്ചിരുന്നതെന്നാണ് ഇ ഡിയുടെ നിഗമനം. കെ ഫോൺ, ലൈഫ് പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ സി എം രവീന്ദ്രൻ ഇടപെട്ടിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

രവീന്ദ്രനെ അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.  

LEAVE A REPLY

Please enter your comment!
Please enter your name here