വാഷിങ്‌ടൺ: കൊറോണ വൈറസ്‌ ആശ്വാസ പാക്കേജ്‌ അടക്കം അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭയും പാസാക്കിയ 2.3ലക്ഷം കോടി ഡോളറിന്റെ ചെലവ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അംഗീകരിച്ചു. അംഗീകരിക്കില്ലെന്ന്‌ ശഠിച്ചുവന്ന ബിൽ ട്രംപ്‌ ഒപ്പിട്ടതോടെ അമേരിക്ക താൽക്കാലിക സ്‌തംഭനത്തിൽനിന്ന്‌ രക്ഷപ്പെട്ടു. ബിൽ ട്രംപ്‌ ഒപ്പിട്ട്‌ നിയമമാക്കിയില്ലായിരുന്നെങ്കിൽ തിങ്കളാഴ്‌ച അർധരാത്രിക്കു‌ശേഷം അമേരിക്കയുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ സ്‌തംഭിക്കുമായിരുന്നു.

അപമാനത്തിന്റെ ബിൽ എന്ന്‌ ട്രംപ്‌ ആക്ഷേപിച്ചിരുന്ന 90000 കോടി ഡോളറിന്റെ കൊറോണ വൈറസ്‌ ആശ്വാസ പാക്കേജും സെപ്‌തംബർവരെ സർക്കാർ ഏജൻസികൾക്ക്‌ ലഭിക്കേണ്ട 1.4 ലക്ഷം കോടി ഡോളറിന്റെ ഫണ്ടും അടങ്ങുന്നതാണ്‌ 2.3 ലക്ഷം കോടി ഡോളറിന്റെ ചെലവുകൾ. ഇത്‌ അംഗീകരിക്കണമെന്ന്‌ യുഎസ്‌ പ്രതിനിധിസഭയിലെയും സെനറ്റിലെയും നേതാക്കൾ കക്ഷിഭേദമെന്യേ ട്രംപിനോട്‌ ആവശ്യപ്പെട്ടിരുന്നു. 1.4 കോടി തൊഴിൽരഹിതർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനും കുടിയിറക്കലുകൾ അവസാനിപ്പിക്കാനും വാടകനൽകാൻ സഹായം ലഭ്യമാക്കാനും വാക്‌സിൻ വിതരണം കൂടുതൽ പണം ഉറപ്പാക്കാനും മറ്റ്‌ പലതിനും വേണ്ടിയാണ്‌ താൻ ബിൽ ഒപ്പിടുന്നതെന്ന്‌ ട്രംപ്‌ പ്രസ്‌താവനയിൽ പറഞ്ഞു. അർഹരായ ഓരോ അമേരിക്കക്കാരനും 600 ഡോളർ നേരിട്ട്‌ നൽകലും പ്രതിവാര തൊഴിൽരഹിത ആനുകൂല്യം ശക്തിപ്പെടുത്തലും ചെറുകിട ബിസിനസുകൾക്ക്‌ ധനസഹായവും മറ്റും അടങ്ങുന്നതാണ്‌ പാക്കേജ്. അമേരിക്കക്കാർക്ക്‌ 2000 ഡോളർ വീതം നൽകണം എന്നതായിരുന്നു ട്രംപിന്റെ ആവശ്യങ്ങളിൽ ഒന്ന്‌. ഡെമോക്രാറ്റുകൾ ഇതിന് അനുകൂലമാണെങ്കിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയിലെ ചില അംഗങ്ങളാണ്‌ എതിർക്കുന്നത്‌. പ്രതിശീർഷ സഹായം 2000 ഡോളറാക്കുന്നതിന്‌ പ്രതിനിധിസഭയിൽ തിങ്കളാഴ്‌ച ബിൽ അവതരിപ്പിക്കുന്നുണ്ട്‌. ഇതിനെ പിന്തുണയ്‌ക്കാൻ സ്വന്തം പാർടിക്കാരോട്‌ ട്രംപ്‌ നിർദേശിക്കണമെന്ന്‌ സ്‌പീക്കർ നാൻസി പെലോസി ആവശ്യപ്പെട്ടു.

തന്റെ പ്രസ്‌താവനയിൽ ട്രംപ്‌ കൊറോണയെ ‘ചൈനാ വൈറസ്‌’ എന്ന്‌ വീണ്ടും വിശേഷിപ്പിച്ചു. ഡെമോക്രാറ്റിക്‌ പാർടിയുടെ ഭരണമുള്ള സംസ്ഥാനങ്ങളിലെ കർക്കശമായ അടച്ചുപൂട്ടൽ നടപടികളാണ്‌ ജനങ്ങളെ ദുരിതത്തിലാക്കിയത്‌ എന്നും കുറ്റപ്പെടുത്തി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ‘ക്രമക്കേടി’ൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാമെന്ന്‌ സഭയും സെനറ്റും ഉറപ്പുനൽകിയെന്നും ട്രംപ്‌ അവകാശപ്പെട്ടു.

പാക്കേജിൽ ചൈനാവിരുദ്ധ വകുപ്പുകൾ
അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച ഒപ്പിട്ട കൊറോണ വൈറസ്‌ ആശ്വാസ പാക്കേജ്‌ ബില്ലിൽ തിബറ്റ്‌, തായ്‌വാൻ എന്നിവ സംബന്ധിച്ച രണ്ട്‌ വകുപ്പും ഉൾപ്പെടുത്തിയതിനെ ചൈന ശക്തമായി അപലപിച്ചു. ഈ നിയമം ചൈന–-അമേരിക്ക ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജ്യാൻ പറഞ്ഞു.
ദേശീയ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ചൈനാ സർക്കാരിന്‌ ഉറച്ച നിലപാടുണ്ട്‌. തിബറ്റും തായ്‌വാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ഉപയോഗിക്കുന്നത്‌ അമേരിക്ക അവസാനിപ്പിക്കണം.

തിബറ്റിലെ ലാസയിൽ അമേരിക്കൻ കോൺസുലേറ്റ്‌ തുറക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അമേരിക്കയിൽ ഇനി ചൈനയുടെ ഒരു കോൺസുലേറ്റും അനുവദിക്കരുതെന്ന്‌ ബിൽ യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിനോട്‌ നിർദേശിക്കുന്നു. തിബറ്റിൽ ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കുന്നതിൽ ചൈനയ്‌ക്കെതിരെ മറ്റ്‌ രാജ്യങ്ങളെ ചേർത്ത്‌ സഖ്യമുണ്ടാക്കണം എന്നും വ്യക്തമാക്കുന്നു. അമേരിക്കയുടെ പ്രത്യേക തിബറ്റ്‌ കോ–-ഓർഡിനേറ്റർക്ക്‌ പ്രതിവർഷം 10 ലക്ഷം ഡോളർ അനുവദിക്കുന്നതടക്കം വിവിധ സാമ്പത്തിക വകയിരുത്തലുകളും തിബറ്റുമായി ബന്ധപ്പെട്ടുണ്ട്‌. ചൈനാവിരുദ്ധരായ ഇന്ത്യയിലെ തിബറ്റുകാർക്ക്‌ 60 ലക്ഷം ഡോളർ, ‘തിബറ്റ്‌ സർക്കാരിന്‌’ 30 ലക്ഷം ഡോളർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here