കാലിഫോര്‍ണിയയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മെയില്‍ നഴ്‌സിന് ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു. സാന്‍ഡീഗോയിലെ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇആര്‍ നഴ്‌സ് മാത്യു ഡബ്ല്യുവിനാണ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ പതിനെട്ടിനാണ് 45 കാരനായ മാത്യു ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ക്രിസ്മസ് രാത്രിയിലെ കോവിഡ് ഡ്യൂട്ടിക്ക് ശേഷമാണ് മാത്യുവിന് കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. തലകറക്കവും ശരീര വേദനയും തണുപ്പുമൊക്കെയായിരുന്നു രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പ്രതികരിച്ചു. വാക്‌സിന്‍ ശരീരത്തില്‍ പ്രതികരിച്ചു തുടങ്ങുന്നതിന് ഒരു മാസത്തോളം സമയമെടുക്കുമെന്നിരിക്കെ ആ കാലയളവിനുള്ളില്‍ കോവിഡ് ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മാത്യുവിന് മിക്കവാറും വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ കോവിഡ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടാകാമെന്ന് സാന്‍ ഡീഗോയിലെ ഫാമിലി ഹെല്‍ത്ത് സെന്ററുകളിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ക്രിസ്റ്റ്യന്‍ റാമേഴ്‌സ് പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ച് പത്തോ, പതിനാലോ ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്റെ സംരക്ഷണം ലഭിച്ചു തുടങ്ങുന്നത്. ആദ്യത്തെ ഡോസില്‍ അമ്പത് ശതമാനം സംരക്ഷണം മാത്രമാണ് ലഭിക്കുന്നത്. രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചു കഴിയുമ്പോഴാണ് 95ശതമാനം സംരക്ഷണം ലഭിക്കുകയെന്നും ഡോ. ക്രിസ്റ്റ്യന്‍ റാമേഴ്‌സ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചാലും ജനങ്ങള്‍ കൊറോണയ്‌ക്കെതിരായ പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കരുതെന്നും ഡോ. ക്രിസ്റ്റ്യന്‍ റാമേഴ്‌സ് പറഞ്ഞു. കൈകള്‍ കഴുകുന്നതും, മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതുമെല്ലാം വാക്‌സിന്‍ സ്വീകരിച്ച ശേഷവും അതേപടി തുടരണമെന്നും ഡോ. ക്രിസ്റ്റ്യന്‍ റാമേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here