ഫ്രാൻസിസ് തടത്തിൽ 
 
വാഷിംഗ്‌ടൺ ഡി.സി : അമേരിക്കൻ പാർലമെന്റ് ആയ ക്യാപ്പിറ്റോൾ ഹില്ലിൽ അക്രമാസക്തരായ പ്രക്ഷോഭകർക്കൊപ്പം ഇന്ത്യൻ പതാകയേന്തി സമരത്തിൽ പങ്കെടുത്തത്  ട്രമ്പ് അനുകൂലിയായ മലയാളി വിൻസെന്റ് പാലത്തിങ്കലിനെതിരെ പ്രതിഷധം ശക്തമാകുന്നു. ലോക വ്യാപകമായി ഇന്ത്യക്കാരുടെ പ്രതിഷേധമുയർന്നുകൊണ്ടിരിക്കുമ്പോഴാണ്  പതാക ഉയർത്തിയത് താൻ തന്നെയാണെന്ന അവകാശവാദവുമായി വിൻസെന്റ് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം പോസ്റ്റുകൾ പങ്കുവച്ചത്. എന്നാൽ സംഭവം വിവാദമായപ്പോൾ പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു.  ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളിൽ വലിയ ഗൗരവത്തോടെയാണ് ദേശീയ പതാകയെ ഇകഴ്ത്തിക്കൊണ്ടുള്ള വാർത്തകൾ പ്രസിദ്ധീദ്ധീകരിച്ചത്.
 
അമേരിക്ക ലോകത്തിനു മുൻപിൽ അപമാനിക്കപ്പെട്ട ജനുവരി ആറിന് നടന്ന ട്രമ്പ് അനുകൂലികളുടെ ആകാമാസക്തമായ മാർച്ചിൽ മാധ്യമ ശ്രദ്ധക്കായി പ്രതിഷേധക്കാരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇയാൾ ഇന്ത്യൻ പതാക ഉയർത്തി വീശുന്ന ദൃശ്യം ലോക മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യക്കാരെ ഇകഴ്ത്തിക്കാട്ടാൻ ആരോ മനഃപൂർവ്വം ചെയ്തതാണെന്നായിരുന്നു പ്രാഥമിക വിവരം.ഇന്ത്യൻ പതാക ഉയർത്തിക്കാട്ടിയത് സത്യത്തിനു വേണ്ടി ഇന്ത്യൻ സമൂഹം നിലകൊള്ളുന്നുവെന്ന് കാണിക്കുവാണെന്ന് വിൻസെന്റ് മലയാളത്തിലെ വാർത്താ ചാനലുകളിൽ പ്രതികരിച്ചതാണ് വാഷിംഗ്‌ടൺ മെട്രോ മേഖല ഉൾപ്പെടെയുള്ള പ്രദേശ്‌നങ്ങളിലെ മലയാളികളുടെ രൂക്ഷമായ വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായത്.
 
 
വേൾഡ് മലയാളി കൗൺസിൽ നേതാവുകൂടിയായ  വെർജിനയിൽ നിന്നുള്ള  റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവുകൂടിയായ വിൻസെന്റ്  കഴിഞ്ഞ തവണ റിപ്പബ്ലിക്ക് പാർട്ടിയുടെ ടിക്കറ്റിൽ വെർജിനിയയിലെ ഫെയർ ഫാക്സ് കൗണ്ടിയിലെ സ്കൂൾ ഡിസ്ട്രിക്ടിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.  ട്രമ്പിന്റെ കടുത്ത ആരാധകനായ വിൻസെന്റ് രണ്ടു ദിവസം മുൻപ് കാപ്പിറ്റോൾ ഹിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കായി ട്രമ്പ് അനുകൂലികളായ മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പും  ഉണ്ടാക്കിരുന്നു. അക്രമികൾക്കൊപ്പം പാർലമെന്റ് മന്ദിരത്തിൽ ഇവരെ കണ്ടില്ലെങ്കിലും അന്നേ ദിവസം പുറത്തിറങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഇവർ ഇന്ത്യൻ പതാക ഉയര്ത്തിപ്പിടിച്ചു കാട്ടുന്നതിന്റെ ദൃശ്യം ഏറെ വ്യക്തമായിരുന്നു.  
ട്രമ്പ് അനുകൂലികളുടെ അക്രമാസക്തമായ റാലിയിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തുക വഴി മലയാളികളുടെ മാത്രമല്ല അമേരിക്കയിലെ മുഴുവൻ ഭാരതീയരെയും വികാരം വ്രണപ്പെടുത്തുകയായിരുന്നുവെന്നാണ്  വാഷിംഗ്‌ടൺ ഡി.സി. മേഖലയിലെ വിവിധ മലയാളി അസോസിയേഷൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. അതേസമയം ഇന്ത്യയുടെ പ്രശസ്തി ലോകമെങ്ങുമെത്തിക്കാൻ വേണ്ടിയാണ് താൻ പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ഉയർത്തിക്കാട്ടിയതെന്നാണ് ചാനൽ ചർച്ചകളിലൂടെ വിൻസെന്റിന്റെ പ്രതികരണം. ഇത് സത്യത്തിനു വേണ്ടിയുള്ള പ്രതിഷേധമാണെന്നും അതിൽ ഇന്ത്യൻ പതാക ഉയർത്തിക്കാട്ടിയതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹം അവർത്തിച്ചുപറയുന്നത്.
 ട്രമ്പ് അനുയായികളുടെ പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ഉയർത്തികാട്ടിയ നടപടിയിൽ ഇപ്പോഴും  ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ പ്രതിഷേധമുയർത്തിക്കൊണ്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ബി.ജെ.പി. നേതാവും മേനക ഗാന്ധിയുടെ പുത്രനുമായ വരുൺ ഗാന്ധിയാണ് ഈ വിഷയത്തിൽ ആദ്യം ട്വിറ്ററിലൂടെ പ്രതികരിച്ചത്.  ട്രമ്പിന്റെ ഉറ്റ ചങ്ങാതിയായ മോദിയുടെ അനുയായികളായ സ്ഥിരബുദ്ധി നഷ്ട്ടപ്പെട്ട സംഘ്പരിവാറിന്റെയാളുകൾ അമേരിക്കയിലുമുണ്ടെന്നായിരുന്നു ഡോ ശശി തരൂർ ഈ ട്വീറ്റിന് മറുപടിയായി വരുൺ ഗാന്ധിക്ക്  റീട്വീറ്റ് ചെയ്തത്.
 
അമേരിക്കൻ പതാക പോലെ ഇന്ത്യൻ പതാകയെ എല്ലായിടത്തും യദേഷ്ടം ഉപയോഗിക്കാൻ അനുവദനീയമല്ല. ഭാരതീയ ദേശീയ പതാക ദുരുപയോഗപ്പെടുത്തുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.  മൂന്നു വര്‍ഷം തടവും പിഴയും ഒടുക്കേണ്ട കുറ്റമായാണ് ഇതിനെ ഇന്ത്യയിൽ കണക്കാക്കുന്നത് . ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ചു എന്ന ആരോപണത്തെത്തുടർന്ന്  ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വരെ നിയമനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.മനഃപൂർവമല്ലാത്ത കുറ്റം എന്നെ പേരിൽ അദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു.
ഇന്ത്യയുടെ മുൻ അംബാസിഡർ ആയിരുന്ന ടി.പി. ശ്രീനിവാസൻ, മാധ്യമപ്രവർത്തകൻ ഡോ. സെബാസ്റ്റിയൻ പോൾ,  ഫെയിം ബല്ലാത്ത പഹയൻ യുട്യൂബ് ഫെയിം വിനോദ് നാരായൺ, തുടങ്ങി നിരവധി പ്രമുഖരും കലാപകലുഷിതമായ പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ഉയർത്തിയതിൽ രൂക്ഷമായി വിമർശിച്ചു.
 
അമേരിക്കൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ ഹില്ലിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ പ്രക്ഷോഭത്തിനിടയിൽ  ഇന്ത്യൻ പതാക പ്രദർശിപ്പിച്ചത് ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുൻപിൽ  കരിവാരി തേക്കാൻ ആരോ മനപൂർവം ചെയ്തതാണെന്ന് വരെ  ഇന്ത്യയിലെ വിവിധ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 
 
 
ക്യാപ്പിറ്റോൾ ഹില്ലിനു മുൻപിൽ പതാക ഉയർത്തിയതിന്റെ ദൃശ്യം വിൻസെന്റ് തന്നെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് സംഭവം വിവാദമായപ്പോൾ  അദ്ദേഹം ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. രാജ്യസിരാകേന്ദ്രമായ വാഷിംഗ്ടണിൽ ട്രമ്പ് അനുകൂല റാലിയിൽ പങ്കെടുത്ത് അക്രമം അഴിച്ചുവിട്ട സമരക്കാർക്കെതിരെ എഫ്.ബി.ഐ. ശക്തമായ നടപടികൾ എടുക്കാനിരിക്കുകയാണ്. അക്രമത്തിൽ പങ്കാളികളെ കുടുക്കാൻ സമൂഹ മാധ്യമങ്ങളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും വന്ന ചിത്രങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ് എഫ്.ബി ഐ.ഇത് സംബന്ധിച്ചുള്ള ചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് പൊതുജങ്ങങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് എഫ്.ബി.ഐയുടെ വെബ്സൈറ്റിൽ  അറിയിപ്പ്  പരസ്യപ്പെടുത്തിക്കഴിഞ്ഞു. 
 
പരമാവധി ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള ഒരു ലിങ്കും എഫ് ബി ഐയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അക്രമത്തിൽ പങ്കെടുത്തവരെ രാജ്യദ്രോഹികളായി കണക്കാക്കി അവരെ പിടികൂടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അപേക്ഷ ഫോറം തയാറാക്കിയിരിക്കുന്നത്. അതോടെ അക്രമ സംഭവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച പല ചിത്രങ്ങളും ഇതിനകം അപ്രത്യക്ഷമായി തുടങ്ങി. അക്രമികൾക്കൊപ്പം സെൽഫി എടുത്തു വരെ ചിലർ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പലരും ദൃശ്യങ്ങൾ നീക്കം ചെയ്തത്.
 
അമേരിക്കൻ ജനതിപത്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ കരിനിഴൽ വീഴ്ത്തിയ സംഭവത്തെ നേരിടാൻ പൊലീസിന് വീഴ്ചപറ്റിയതിനെ തുടർന്ന് നാഷണൽ സെക്യൂരിറ്റി ഗാർഡിനെ ഇറക്കിയാണ് അക്രമികളെ തുരത്തിയോടിച്ചത്.എന്തായാലും വരും ദിവസങ്ങളിൽ പ്രഷോഭകാരികളായ പലരുടെയും അറസ്റ്റ് പ്രതീക്ഷിക്കാം..

LEAVE A REPLY

Please enter your comment!
Please enter your name here