അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു. ഇംപീച്ച് ചെയ്യാനുള്ള അനുമതി തേടുന്ന ബില്ല് ഇന്ന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. പ്രമേയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നിയമനിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും നാന്‍സി പെലോസി വ്യക്തമാക്കി.

പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നാലെ അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം അധികാരത്തില്‍ തുടരാന്‍ ട്രംപിന് അര്‍ഹതയില്ലെന്ന്് നാന്‍സി പെലോസി പ്രതികരിച്ചിരുന്നു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തിനും ഭീഷണിയാണ് നിലവിലെ പ്രസിഡന്റെന്നും നാന്‍സി പെലോസി പറഞ്ഞു.

യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് പ്രസിഡന്റിനെ വിചാരണ ചെയ്യുന്ന നടപടിയാണു ഇംപീച്ച്‌മെന്റ്. മുന്‍പ് ഒരു യുഎസ് പ്രസിഡന്റും രണ്ടു വട്ടം ഈ നടപടിക്കു വിധേയമായിട്ടില്ല. കുറ്റവിചാരണ വിജയിച്ചാല്‍ മുന്‍ പ്രസിഡന്റുമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ പ്രസിഡന്റ് തിര!ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും. കാപ്പിറ്റോള്‍ അതിക്രമത്തില്‍ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇത്തവണ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here