കഴിഞ്ഞയാഴ്ച യുഎസ് കാപ്പിറ്റലിനെ ആക്രമിച്ച ട്രംപ് അനുയായികളുടെ സംഘം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പിടികൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍. ട്രംപ് അനുകൂലിയായ ജേക്കബ് ചാന്‍സ്ലിയെന്ന വ്യക്തിയെ പ്രതിയാക്കിയ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പിടികൂടി വധിക്കുകയെന്നതാണ് ക്യാപിറ്റല്‍ കലാപകാരികളുടെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്ന ചാന്‍സ്‌ലിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഹാജരാക്കി.

മുഖത്ത് ചായം പൂശിയും കൊമ്പുകളുള്ള രോമക്കുപ്പായം ധരിച്ച് കയ്യില്‍ യുഎസ് പതാകയുമായിട്ടാണ് ചാന്‍സ്ലി കാപിറ്റോളിലേക്ക് വന്നത്. അയാളുടെ കൈവശം കുന്തം പോലെയൊരു ആയുധവും ഉള്ളതായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വൈസ് പ്രസിഡന്റ് അധ്യക്ഷനായിരുന്ന ഡയസിലേക്ക് കയറിച്ചെന്ന ചാന്‍സ്ലി ‘ഇത് സമയത്തിന്റെ കാര്യം മാത്രമാണ്, നീതി വരുന്നു’ എഴുതി വെക്കുകയും ചെയ്തു. തെളിവുകള്‍ ചാന്‍സ്ലിക്കെതിരായ സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ അവരുടെ മെമ്മോയില്‍ ചാന്‍സ്‌ലിയെ തടവിലാക്കാന്‍ ആവശ്യപ്പെട്ടു.

കലാപകാരികള്‍ അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ്തന്നെ വൈസ് പ്രസിഡന്റ് പെന്‍സിനേയും കോണ്‍ഗ്രസ് നേതാക്കളേയും സീക്രട്ട് സര്‍വീസും യുഎസ് ക്യാപിറ്റല്‍ പൊലീസും ചേംബറില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം കലാപകാരികളില്‍ ആരെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാന്‍ ഗൂഢാലോചന നടത്തിയോ എന്ന കാര്യം എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.

അതേസമയം പാര്‍ലമെന്റ് അക്രമണം നടത്തിയ കലാപകാരികള്‍ പെട്ടന്നുണ്ടായ പ്രകോപനത്തെത്തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇതു സംബന്ധിച്ച് ഗൂഢാലോചന നടത്തിയില്ലെന്നും കോടതിയില്‍ പറഞ്ഞു. ട്രംപിന്റെ പരാജയം അംഗീകരിക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്നാണ് തങ്ങള്‍ പ്രതികരിച്ചതെന്നും പ്രക്ഷോഭകര്‍ പ്രതികരിച്ചു. ജനുവരി 6 ന് ക്യാപിറ്റോളില്‍ പ്രവേശിക്കുമ്പോള്‍ ചാന്‍സ്ലിക്ക് സമാധാനപരമായ ഉദ്ദേശ്യങ്ങളല്ലാതെ മറ്റൊന്നുമില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അല്‍ വാട്ട്കിന്‍സും പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here