വാഷിംഗ്ടൺ: അധികാരമേറ്റ് മണിക്കൂറുകൾക്കുളളിൽ മുൻ പ്രസിഡന്റ് ട്രംപിന്റെ മുസ്ളീംവിരുദ്ധ നിയമത്തിനെ അമേരിക്കൻ പ്രസിസന്റ് ജോ ബൈഡൻ തിരുത്തി. ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ‌ഏർപ്പെടുത്തിയിരുന്ന സഞ്ചാരവിലക്കുകൾ എടുത്തുമാറ്റിയതാണ് ഇതിൽ പ്രധാനം. നേരത്തേ ഭീകരവാദത്തിന്റെ പേരുപറഞ്ഞാണ് ട്രംപ് ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ‌സഞ്ചാരവിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുനൽകാൻ ട്രംപ് തയ്യാറായിരുന്നില്ല.

ഇതിനൊപ്പം പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നത് ഉൾപ്പെടെ ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന 15 എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവച്ചത്.കുടിയേറ്റവുമായി ബന്ധപ്പെട്ട ബില്ലും ഇതിൽ ഉൾപ്പെടും. അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി. ജീവനക്കാർക്ക് ഇത് ഏറെ പ്രയാേജനപ്പെടും എന്നാണ് വിലയിരുത്തുന്നത്.

ലോകാരോഗ്യസംഘടനയിൽ അമേരിക്ക വീണ്ടും ചേരും, സർക്കാർ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്ക് നിർബദ്ധമാക്കും,മെക്സിക്കോയുടെ അതിർത്തിയിലെ മതിൽക്കെട്ടിന് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കും തുടങ്ങിയ ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവയ്ക്കുന്നത്.അതിനിടെ ബൈഡന് യു എ ഇ രാഷ്ട്രനേതാക്കൾ അഭിനന്ദനമറിയിച്ചു . ലോകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് ഖലീഫ സന്ദേശത്തില്‍ പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ എന്നിവരും ആശംസാ സന്ദേശമയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here