തിരുവനന്തപുരം: നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രചാരണത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഇത്തവണ മത്സരരംഗത്തിനിന്ന് മാറിനിൽക്കാൻ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിലുളള തങ്ങളുടെ തീരുമാനം ഉടൻ അറിയിക്കാമെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്മാർ മത്സരിക്കുന്നതാണ് ബി ജെ പിയിലെ സാധാരണ കീഴ്വഴക്കം.കേന്ദ്രമന്ത്രി വി. മുരളീധരൻ, നടൻ സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങി പാർട്ടിയിലെ സംസ്ഥാനത്തെ ഉന്നതരിൽ പലരും ഇത്തവണ മത്സരരംഗത്തുണ്ട്. ഈ അവസരത്തിൽ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാൽ പ്രചാരണത്തിൽ മേൽക്കൈ നേടാനാവില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.അതേസമയം ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്ന് പാർട്ടി കരുതുന്ന 30 മണ്ഡലങ്ങളിൽ ദേശീയ നേതൃത്വം നിർദേശിച്ച ഏജൻസിയുടെ രണ്ട് ഘട്ടം സർവേ പൂർത്തിയായി. സ്ഥാനാർത്ഥിയെ സംബന്ധിച്ച നിർദേശവുമായി സർവേ റിപ്പോർട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നൽകും. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാർഥി നിർണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും എന്നാണ് അറിയുന്നത്. സ്ഥാനാർത്ഥിനിർണയത്തിന് മുന്നോടിയായി പ്രമുഖദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here