തിരുവനന്തപുരം: നിയമസഭയിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തളളി. സ്‌പീക്കറുടെ മറുപടി പ്രസംഗത്തിന് ശേഷം പ്രതിപക്ഷം വാക്കൗട്ട് നടത്തിയതോടെയാണ് പ്രമേയം വോട്ടിനിടാതെ തളളിയത്. നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്‌തതിൽ താൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. വിയോപ്പിന്റെ ശബ്‌ദത്തെ കേരള നിയമസഭ ആഘോഷിക്കുകയാണ്. ഈ ചർച്ച നടക്കട്ടെയെന്നാണ് താൻ ആഗ്രഹിച്ചതെന്നും സ്‌പീക്കർ പറഞ്ഞു.രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന് വിമർശനവും ആക്ഷേപവും ഉന്നയിക്കാം.

പക്ഷേ അൽപ്പം കൂടി വളർച്ച കാണിക്കാം. ഇ എം എസ് സ്‌മൃതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം തെറ്റാണ്. ഒരു രൂപ താൻ അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഈ പണി നിർത്താമെന്നും ശ്രീരാമകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു.മുനീറിന് നന്നായി പകർന്നാട്ടം അറിയാം. ഒരു വശത്ത് കത്തിയും മറ്റൊരു വശത്തും മിനുക്കും ആയി ആടാൻ മുനീറിന് അറിയാം. ഏതെങ്കിലും പത്രലേഖകരുടെ മനോബുദ്ധിക്ക് അനുസരിച്ച് എഴുതുന്ന വാർത്തകളോട് പ്രതികരിക്കാൻ തന്നെ കിട്ടില്ല. പത്ര വാർത്തകൾ ഉപയോഗിച്ച് പലതും ആസൂത്രണം ചെയ്‌ത പാരമ്പര്യം പ്രതിപക്ഷത്തിനുണ്ടാകും. കൈയിലുളള ചാനലിനെ വച്ചും പലതും ചെയ്യും. കേട്ടുകേൾവിയുടെ പേരിൽ ഇന്ത്യയിലാദ്യമായി സ്‌പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ നേതാവാണ് ഇവിടെയുളളതെന്നും അദ്ദേഹം ആക്ഷേപിച്ചു.അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് ഇവിടെ. സർക്കാരിനെതിരെ അടിക്കാൻ ഒന്നുമില്ലാത്തത് കൊണ്ടാണ് സ്‌പീക്കറെ അടിച്ചത്. ഗോഡ്ഫാ‌ദർ സിനിമയിലെ ഇന്നസെന്റിന്റെ പണിയാണ് ഉമ്മർ ഇവിടെ കാണിച്ചത്. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന്റെ പിറ്റേ ദിവസം ഉമ്മറിന്റെ സീറ്റ് പോയി.

ഉമ്മറിന് ഇനി നിയമസഭയിൽ മത്സരിക്കാനാകില്ലെന്നും സ്‌പീക്കർ പറഞ്ഞു.കഴിഞ്ഞ നാലേമുക്കാൽ വർഷത്തെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ശ്രീരാമകൃഷ്‌ണന്റെ പ്രസംഗം. പരമ്പരാഗത ചുമതലകൾ അല്ലാതെ നിയമസഭയ്‌ക്ക് പലതും ചെയ്യാൻ കഴിയും. അതൊന്നും അൽപ്പം പോലും പ്രതിപക്ഷം പരിഗണിച്ചില്ല. ഒരു കട താൻ ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അതിന്റെ ഉടമസ്ഥനെപ്പറ്റി അന്വേഷിച്ചില്ല എന്നത് തന്റെ തെറ്റാണ്. അത് വച്ച് ഊഹാപോഹങ്ങൾ പരത്തരുത്.പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സ്ഥാനത്ത് നിന്ന് മാറിനിൽക്കാത്ത സ്‌പീക്കറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം നിയമസഭ തളളി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. നിയമസഭയുടെ അന്തസിനെ ഇടിച്ചു താഴ്‌ത്തിയ ആദ്യ സ്‌പീക്കറായി ചരിത്രം രേഖപ്പെടുത്തുക പി ശ്രീരാമകൃഷ്‌ണനെയായിരിക്കും. സ്‌പീക്കർ പദവി ഉന്നത ഭരണഘടനാ പദവിയാണ്. പക്വമതികളായ നേതാക്കളെയാണ് സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുക. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ രാഷ്ട്രീയ വിധേയത്വമില്ലാതെ നിഷ്പക്ഷമായി വേണം സ്പീക്കർ പ്രവർത്തിക്കാൻ. കഴിഞ്ഞ നിയമസഭയിൽ സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട സംഘത്തിലെ ഒരാളായിരുന്നു പി.ശ്രീരാമകൃഷ്ണൻ.പാർട്ടി പറഞ്ഞാൽ പോലും ആ കുറ്റകൃത്യം ചെയ്ത തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെടണമായിരുന്നു.

സ്പീക്കർ കസേര എടുത്തെറിഞ്ഞയാൾ തന്നെ ആ കസേരയിൽ ഇരുന്ന് അംഗങ്ങൾ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് വൈരുദ്ധ്യമാണ്. കഴിഞ്ഞ നിയമസഭയുടെ കാലത്ത് അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഒരു തവണ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു ട്രാക്ക് റെക്കോർഡുള്ള പി ശ്രീരാമകൃഷ്ണൻ എങ്ങനെയാണ് ഒരു മികച്ച സ്പീക്കറാവുക.അദ്ദേഹത്തോട് എന്തെങ്കിലും വ്യക്തിപരമായ വിരോധം ഞങ്ങൾക്കുണ്ടോ… ? അതിനാലാണോ ഈ പ്രമേയം കൊണ്ടു വന്നത്. കേരള ചരിത്രത്തിൽ ഏതെങ്കിലും ഒരു സ്പീക്കറുടെ പേര് കള്ളക്കടത്ത് കേസിൽ വന്നിട്ടുണ്ടോ. ദേശവിരുദ്ധ കുറ്റത്തിന് അകത്തായ ആളുകളുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം സംശയനിഴലിലാണ്. യോഗത ഇല്ലാത്ത ഒരാൾ സ്പീക്കറായി വന്നു യോഗ്യതയില്ലാത്ത കാര്യം ചെയ്തതിനാലാണ് ഈ പ്രമേയം വന്നത്.കോടതിയിൽ സ്വപ്ന‌യുടെ മൊഴി കേട്ട് ജഡ്ജി അന്തം വിട്ടെങ്കിൽ ജനം ബോധംകെട്ടു വീഴില്ലേ. ഭരണഘടന സ്ഥാപനത്തിലെ ഉന്നതനുമായി ബന്ധപ്പെട്ട് മൊഴി ലഭിച്ചെന്നാണ് ജ്ഡജി പറഞ്ഞത്. അഡീ.പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് വിളിച്ചപ്പോൾ നിയമസഭാ ചട്ടം ഉപയോഗിച്ചും നിയമസഭാ സമിതിയെഉപയോഗിച്ചും വിരട്ടാനാണ് സ്പീക്കർ ശ്രമിച്ചത്.

വില കൂടിയ കാറിൽ വന്നിറങ്ങിയപ്പോൾ സ്വപ്ന സുരേഷ് യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയാണെന്ന് കരുതിയെന്നാണ് സ്പീക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.സ്പീക്കറും സി ദിവാകരനും ഇവിടെയുണ്ട്. ദിവാകരന്റെ മണ്ഡലത്തിലെ ആ കട. എന്നാൽ ഉദ്ഘാടനത്തിന് ദിവാകരൻ പോയില്ല. സ്ഥലം എം എൽ എയേക്കാൾ വലിയ ബന്ധം സ്പീക്കർക്ക് ആ പ്രതികളുമായി ഉണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള സൗഹൃദം സഭയെ അപമാനിക്കുന്നതാണ്. കേരളത്തിൽ എത്രയോ സ്പീക്കർമാർ ഉണ്ടായി. എന്നാൽ ഇത്രയും ധൂർത്തും അഴിമതിയും മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കേരളം സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം ചുറ്റുമ്പോൾ ഈ ധൂർത്ത് ഒഴിവാക്കേണ്ടതായിരുന്നു.ഒറ്റമുണ്ടും ചുറ്റി കൈമുറിയൻ ഷർട്ടുമിട്ട ഈ നിയമസഭയുടെ ആദ്യത്തെ സ്പീക്കറായി പ്രവർത്തിച്ചയാളാണ് ശങ്കരനാരായണൻ തമ്പി സാർ… ലാളിത്യത്തിന്റെ ആൾരൂപമായ ആ മനുഷ്യനെ അപമാനിക്കുകയല്ലേ 16 കോടിക്ക് അദ്ദേഹത്തിന്റെ പേരിലുള്ള ഹാൾ മോടിപിടിപ്പിച്ച് കൊണ്ട് ഇവർ ചെയ്തത്. ഈ നിയമസഭ ആദ്യമുണ്ടായത് ഹിമാചൽ പ്രദേശിലാണ്. ഇന്നിപ്പോ ഊരാളുങ്കലിന്റെ സ്ഥിതി എന്താണ്. എടുക്കുന്ന വർക്കൊന്നും അവർക്ക് തീർക്കാൻ പറ്റുന്നില്ല അത്രയും ഓവർ ലോഡാണ്അവർക്ക്. ഊരാളുങ്കലിന് കൊടുക്കുന്ന കരാർ അവർ പുറം കരാ‍ർ നൽകുകയാണ്.ഈ നിയമസഭാ മന്ദിരത്തിൻ്റെ മൊത്തം ചിലവ് 76 കോടിയാണ്. എന്നാൽ നമ്മുടെ സ്പീക്കർ 64 കോടിയുടെ നിർമ്മാണപ്രവർത്തനം ഇവിടെ നടത്തിയിട്ടുണ്ട്.

ഇ കെ നായനാർ മുഖ്യമന്ത്രിയായ കാലത്ത് ഒരു കമ്മിറ്റിയുണ്ടായിരുന്നു. അന്ന് അതിൽ പ്രതിപക്ഷനേതാവുമുണ്ടായിരുന്നു. എന്നാൽ ഈ സഭയുടെ കാലത്ത് പ്രതിപക്ഷം പരാതി കൊടുത്തമ്പോൾ ആണ് ഒരു കമ്മിറ്റിയുണ്ടായത്. സഭാ ടിവിയടക്കം ഒരു കാര്യവും പ്രതിപക്ഷം അറിഞ്ഞിട്ടില്ല. 7.5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു കളഞ്ഞാണ് 85 ലക്ഷത്തിന്റെ ഇഎംഎസ് സ്മാരകം ഒരുക്കിയത്. സഭാ ടിവിയുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. എന്നാൽ അവിടെ ചെയ്യുന്ന പ്രവർത്തനങ്ങളിലാണ് ഞങ്ങളുടെ എതിർപ്.റിസര്‍ച്ച് അസിസ്റ്റന്റുമാരായി കൂട്ടത്തോടെ ആളുകളെ നിയമിക്കുന്നു. ആ കമൽ പറഞ്ഞ ഗുണഗണങ്ങളോട് കൂടിയവരാണ് ഇവരെല്ലാം. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ ഞങ്ങൾ പങ്കെടുത്തു. എം ഒ ടി എന്ന സ്ഥാപനമാണ് സ്പീക്കർക്ക് അവാർഡ് കൊടുത്തത്. അതേസംഘടനയാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടത്തിയത്. അഞ്ച് കോടിയാണ് അവർക്ക് കൊടുത്തത്. അപ്പോൾ പിന്നെ ലോകത്തെ ഏറ്റവും മികച്ച സ്പീക്കർ എന്ന പേരും പറഞ്ഞ് സ്പീക്കർക്ക് അവാർഡ് കൊടുക്കും.അസി.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ നിയമസഭാ ചട്ടങ്ങൾ പറഞ്ഞ് സ്പീക്കർ അതിനെ പ്രതിരോധിച്ചു. നിയമസഭാ സെക്രട്ടറിയെ പോലും അതിലേക്ക് വലിച്ചഴച്ചു. സ്പീക്കർ സ്ഥാനത്ത് തുടരാൻ പി.ശ്രീരാമകൃഷണന് ധാർമ്മികമായ അവകാശമില്ല. രാഷ്ട്രീയമാണെങ്കിൽ ഞങ്ങൾ പിണറായി വിജയനെതിരെയാണ് സംസാരിക്കേണ്ടത്. അല്ലാതെ സ്പീക്കറോടല്ല. ജനാധിപത്യത്തെ ക്രൂശിലേറ്റി സഭയെ ചവിട്ടിതേയ്‌ക്കുമ്പോൾ പ്രതികരിക്കാതെ പറ്റില്ല.

LEAVE A REPLY

Please enter your comment!
Please enter your name here