ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും പ്രധാനമന്ത്രി ഉൾപ്പടെയുളളവർ വാക്സിൻ സ്വീകരിക്കുക. എന്നാൽ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതർ അടക്കം വാക്സിൻ സ്വീകരിക്കാത്തതെന്നും കോൺഗ്രസ് ഉൾപ്പടെയുളള ചില പ്രതിപക്ഷപാർട്ടികൾ ആരോപിച്ചിരുന്നു.കഴി​ഞ്ഞ ശനി​യാഴ്ചയാണ് രാജ്യത്ത് കൊവി​ഡ് വാക്സി​ൻ വി​തരണം തുടങ്ങി​യത്. വീഡിയോ കോൺ​ഫറൻസ് വഴി പ്രധാനമന്ത്രിയാണ് വാക്സി​ൻ വി​തരണത്തി​ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. ആദ്യഘട്ടത്തിലെ വിതരണത്തിനായി 1.65 കോടി വാക്സിൻ ഡോസാണ് സമാഹരിച്ചിരുന്നത്. ഇത് ശക്തമായ മുന്നൊരുക്കങ്ങളോടെയാണ് സംസ്ഥാനങ്ങളിലെത്തിച്ചത്. പ്രത്യേക കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് കാര്യമായ പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here