സ്വന്തം ലേഖകൻ

ഫീനിക്സ്: കോവിഡ് മഹാമാരിയുടെ ഇരയായി അരിസോണയിലെ ഫിനിക്സിൽ നിന്ന് മറ്റൊരു ദുരന്തവാർത്ത.ജനുവരി 24 ന് നിര്യാതനായ ജോർജ് ഡി ചാക്കോ(48) യാണ് 14 വയസുള്ള ഏക മകൻ ജുബിൻ ചാക്കോയെ വിട്ടു പിരിഞ്ഞു സ്വർഗ യാത്രയായത്. 

 
ജുബിനു സ്വന്തമെന്ന് പറയാൻ ഇനി മുത്തച്ഛൻ (ജോർജിന്റെ  വയോധികനായ 78 വയസുള്ള പിതാവ്)  എൻ.ജി.ചാക്കോ മാത്രമാണുള്ളത്. ജോർജിന്റെ ഭാര്യ ബീബി ജോർജ് 2011 ജൂബിന്  4 വയസ് പ്രായമുള്ളപ്പോൾ ഒരപകടത്തിൽ മുങ്ങി മരിച്ചിരുന്നു. അതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ജോർജിന്റെ ചുമലിലായിരുന്നു.
 
പഠിക്കാൻ ബഹുമിടുക്കനായ ജുബിനെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കുക എന്നതായിരുന്നു ജോർജിന്റെ സ്വപ്നം. അതിനായി രണ്ടു ജോലികൾ  ചെയ്‌തുകൊണ്ടായിരുന്നു ജോർജ്  കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ  നിറവേറ്റിയിരുന്നത്.  ഹൈലാൻഡ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിയാണ് ജൂബിൻ.
തന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെയാണ് ജുബിനെയും പിതാവ് ചാക്കോയേയും പിരിഞ്ഞ് ഭാര്യ ബീബിക്ക് പിന്നാലെ ജോർജും അനന്തതയുടെ വിഹായസിലേക്ക് യാത്രയായത്. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ, തനിക്ക് താങ്ങും തണലുമായി പിതാവിനെക്കൂടി നഷ്ടമായതോടെ തികച്ചും അനാഥമായിപ്പോയ ജൂബിനു താങ്ങും തണലുമായി ജോർജ് അംഗമായിരുന്ന ഫിനിക്സിലെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ മുന്നിട്ടു വന്നിരിക്കുകയാണ്. മാതാപിതാക്കൾ ഇല്ലാതായതോടെ വൃദ്ധനായ മുത്തച്ഛന്റെ സംരക്ഷണത്തിലാണ് ജോബിൻ ഇപ്പോൾ.
ജുബിന്റെ പഠനത്തിനും മറ്റു സംരക്ഷണ ചെലവുകൾക്കുമായി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ ഗോ ഫണ്ട് മി വഴി ധന സംഹാരം ആരംഭിച്ചു കഴിഞ്ഞു. ഫോമയും ധനസമാഹാരത്തിൽ പങ്കു ചേരുന്നതായി അറിയിച്ചിട്ടുണ്ട്. $ 250,000.00 ആണ് അവർ ലക്ഷ്യമിടുന്നത്.
 
ഒരുപാടു സ്വപ്നങ്ങൾ ബാക്കി വച്ചാണ് ജോർജ് യാത്രയായത്. ആ അച്ഛന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ, ആ മകന്റെ പഠനത്തിൽ സഹായിക്കാൻ, അവന്റെ സംരക്ഷണമേറ്റെടുക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. അവനെ നമ്മുടെ സ്വന്തം മകനായി കരുതി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ നടത്തുന്ന ധന സമാഹാര യജ്ഞത്തിൽ നമുക്കും പങ്കാളികളാകാം.
 
പഠനത്തിൽ മിടുക്കനായ മകനെക്കുറിച്ച് അച്ഛൻ കണ്ട സ്വപ്‌നങ്ങൾ പൂവണിയണമെങ്കിൽ നമ്മളിൽ ഓരോരുത്തരും മനസ്സറിഞ്ഞ് സഹായിച്ചേ തീരൂ. നമ്മളിൽപ്പെട്ട, നമ്മുടെ ഒരു സഹോദരനുവേണ്ടി കഴിയുന്ന വിധത്തിൽ എല്ലാവരും സഹായം നൽകാൻ അപേക്ഷിക്കുകയാണ്. ഈ പുണ്യ പ്രവൃത്തിക്കായി നമുക്ക് കൈകോർക്കാം.

ചില സമയങ്ങളിൽ അങ്ങനെയാണ്, ജീവിതത്തിന്റെ ദുരിതക്കയങ്ങൾ നമുക്ക് വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാതെ വരും. നമ്മുടെ പ്രിയങ്കരനായ സഹോദരൻ ജോർജ് ഡി ചാക്കോയുടെയും കുടുംബത്തിന്റെയും അവസ്ഥയും അത്തരത്തിലൊന്നാണ്. കരുണയുള്ള കാര്യങ്ങൾക്കായി കത്തിരിക്കുകയാണ് ഒരു കൂട്ടം സുമനസുകൾ. അവരുടെ ത്യാഗപൂർണമായ യജ്ഞത്തിൽ പങ്കാളികളാകാൻ താഴെ പറയുന്ന ലിങ്കിൽ കയറി ഉദാരമായി സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here