സ്വന്തം ലേഖകൻ 

ഫ്ലോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയർക്കും ഫൊക്കാന മലയാളം അക്കാഡമി അന്താരാഷ്ട്ര മാതൃഭാഷ ദിന ആശംസകൾ നേർന്നു. കേരളത്തിൽ ജനിച്ച് കേരളത്തിൽ വളർന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന അമേരിക്കൻ മലയാളികൾ മാതൃഭാഷയുടെ വക്താക്കൾ ആണെന്ന് മലയാളം അക്കാഡമി ഭാരവാഹികൾ പറഞ്ഞു. 
 
ലോകത്തെവിടെയായാലും ”മലയാളം വളരണം, മനസും വളരണം” എന്ന നിശ്ചയ ദാർഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്.  അതിന്റെ ഭാഗമായാണ് അമേരിക്കയിൽ  മലയാളം അക്കാദമി എന്ന ആശയം പ്രാവർത്തികമാവുന്നതെന്ന് മലയാളം അക്കാദമിയുടെ ഡയറക്ടർമാരായ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് , ജനറൽ സെക്രെട്ടറിഡോ.സജിമോൻ ആന്റണി, ട്രഷറർസണ്ണി മറ്റമന,  അഡിഷണൽ സെക്രട്ടറി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ,   ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാരായ  സോണി അമ്പൂക്കൻ, ജോൺസൺ തങ്കച്ചൻ, ഫിലിപ്പ് കറുകപ്പറമ്പിൽ എന്നിവർ പറഞ്ഞു.
 
കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ‘ മലയാളം എന്റെ മലയാളം’, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്. പരിചയ സമ്പന്നരായ അധ്യാപകരുടെ കീഴിൽ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
 
 മലയാള ഭാഷയുടെ പ്രചാരണത്തിനായി  ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച   മലയാളം അക്കാഡമി ഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി ഒട്ടേറെ പരിപാടികളാണ് രുപം നൽകിയിരിക്കുന്നത് .മലയാളിക്കും, മലയാള നാടിനും അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്കാരിക സംഘടനയുമായ  ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല മലയാളം അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ ഒന്നാണ്. മലയാള ഭാഷ സംരക്ഷിക്കുക, വളർത്തുക, വിപുലീകരിക്കുക എന്നത് ലക്ഷ്യമായികാണുന്ന ഫൊക്കാന യുവതലമുറയിലേക്ക് ഭാഷാജ്ഞാനവും സാംസ്‌കാരിക പൈതൃകങ്ങളും എത്തിച്ചുകൊടുക്കാൻ നടത്തുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് അക്ഷര ജ്വാല.. ” അക്ഷരജ്വാല”  യുടെ പ്രവർത്തനം ഫൊക്കാനയുടെ ഏറ്റവും വലിയ  ജനകീയ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ.

 
മിഡിൽ സ്കൂൾ മുതൽ കുട്ടികൾക്ക് തങ്ങളുടെ മാതൃഭാഷ ഉപവിഷയമായി പഠിക്കാൻ സഹായകരമാകുന്ന വിധത്തിലുള്ള പഠന ക്രമീകരണവും മലയാളം അക്കാദമി ഒരുക്കുന്നു.. ഈ പഠന പരിപാടിയിലൂടെ കോളേജ് പ്രവശനത്തിനു സഹായകരമാകുന്ന അഡിഷണൽ ക്രെഡൻഷ്യൽസ് ലഭ്യമാകും. 
കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചുകൊണ്ട് ആധുനിക രീതിയിൽ  മലയാളം ഭാഷ സായത്തമാകുന്നതിനുള്ള ഒരു പഠന ക്രമീകരണവും മലയാളം അക്കാഡമി ഒരുക്കുന്നു. ഭാഷ മിഷന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന  പരിപാടിയുമായി ചേർന്ന്  ചേർന്ന് വിപുലമായ പ്രവർത്തങ്ങളും മലയാളം അക്കാഡമി നടത്തുന്നു. മാതൃഭാഷയായ മലയാളം  ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് ഓസ്റ്റിൻ ടെക്സസ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മലയാള ഭാഷയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡൻസും ലഭ്യമാക്കുന്ന ഒരു  പരിപാടിയും മലയാളം അക്കാഡമി നടത്തുന്നുണ്ട്. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here