ജെഎന്‍യു വിഷയത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികളെ കൂടി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പൊലീസ് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു. അതേസമയം പട്യാലഹൗസ് കോടതി പരിസരത്ത് കനയ്യകുമാറിനെ ആക്രമിച്ചത് മുന്‍കൂട്ടി തയാറാക്കിയത് പ്രകാരമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി.

ഈ മാസം ഒന്‍പതിന് ജെഎന്‍യു ക്യാംപസില്‍ അഫ്സല്‍ ഗുരു അനുസ്മരണത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ബസ്റ്റാന്‍റുകള്‍ , റെയിവേ സ്റ്റേഷനുകള്‍ എന്നിവയ്ക്കു പുറമെ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളത്തിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളും മെസേജുകളും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ വിദ്യാര്‍ഥികളുടെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനെ ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ നിന്ന് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പത്ത് വിദ്യാര്‍ഥികളെക്കൂടി ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് പൊലീസ് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കൂമാറിനോടാവശ്യപ്പെട്ടു. അതേസമയം പട്യാലഹൗസ് കോടതി പരിസരത്ത് കനയ്യകുമാറിനെ ആക്രമിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ഡല്‍ഹി പൊലീസിനോടാവശ്യപ്പെട്ടു.