ജമ്മു കശ്മീരിലെ പാംപൂരിൽ സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരുന്ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. രണ്ടു സിആർപിഎഫ് ജവാൻമാർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. കെട്ടിടത്തിൽ കുടുങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15-20 വരെ ആളുകളിൽ ഭൂരിഭാഗം പേരെയും മോചിപ്പിച്ചു. സംഭവസ്ഥലത്ത് ആരെയും ബന്ദിയാക്കിയ സാഹചര്യമില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയം, സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരുന്ന രണ്ടോ മൂന്നോ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സ്ഥലത്തു നിന്ന് പൊതുജനങ്ങളെ ഒഴിപ്പിച്ചു. ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും മറ്റു സുരക്ഷാസേനയും വളഞ്ഞു.