ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 93,249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണെന്നാണ് റിപ്പോർട്ട്. ലോകത്തിൽ കൊവിഡ് ബാധ ഏറ്റവും ഉയർന്ന അമേരിക്കയിലെ പ്രതിദിന നിരക്ക് 70,569 ഉം രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലേത് 70,238ഉം ആണ്.ഇന്ത്യയിൽ ഇരുപത്തിനാലുമണിക്കൂറിനിടെ 513പേർ മരിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് 6,91,597 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയർന്നു. 202 പേരാണ് മരിച്ചത്.മുംബയിൽമാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 9090 പേർക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഗുജറാത്ത് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.കേരളത്തിൽ ഇന്നലെ 2541 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 161 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കോഴിക്കോട് 568, എറണാകുളം 268, കണ്ണൂർ 264, കൊല്ലം 215, തൃശൂർ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർകോട് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

താനുമായി സമ്പർക്കം ഉള്ളവർ പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം തുടരുകയാണ്. വൈസ് പ്രസിഡന്റ് വെങ്കയ്യാ നായിഡു ഇന്ന് കൊവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. രാജ്യത്ത് ഏപ്രിൽ 15നും 20നും ഇടയിൽ കൊവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് കാൻപൂർ ഐഐടി വിദഗ്ധൻ മനീന്ദ്ര അഗർവാൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here