ന്യൂയോർക്ക് : മറ്റു രാജ്യങ്ങൾക്കെതിരെ അമേരിക്ക നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രാജ്യത്തിനകത്തുനിന്നുതന്നെ ശക്തമായ പോരാട്ടം തീർത്ത ആ ശബ്ദം ഇനിയില്ല. യുഎസ്‌ അറ്റോർണി ജനറലായിരുന്ന പ്രശസ്‌ത മനുഷ്യാവകാശ പ്രവർത്തകം റാം‌സേ ക്ലാർക്ക് ‌(93) ന്യൂയോർക്കിലെ വസതിയിൽ അന്തരിച്ചു. യുഎസിന്റെ യുദ്ധങ്ങളും ഉപരോധങ്ങളും മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി തിരിച്ചറിഞ്ഞ ആളായിരുന്നു.

1969ൽ സ്വകാര്യ അറ്റോർണിയായി മടങ്ങിയ റാം‌സേ‌ യുഎസിന്റെ കടന്നാക്രമണങ്ങളുടെയും ഉപരോധത്തിന്റെയും ഇരകളായ‌ 120 രാജ്യം സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉത്തര വിയറ്റ്‌നാം, പാനമ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്ക നടത്തിയ അതിക്രമങ്ങൾക്കെതിരെയുള്ള ശബ്ദമായി. ഗൾഫ്‌ യുദ്ധകാലത്ത്‌ ജീവൻ പണയംവച്ച്‌ 2000 കിലോമീറ്റർ സഞ്ചരിച്ച്‌ പകർത്തിയ വീഡിയോയാണ്‌‌ ഇറാഖിൽ അമേരിക്ക നടത്തിയ നരനായാട്ടിന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവന്നത്‌. ഇറാഖിനുമേൽ യുഎസ്‌ അടിച്ചേൽപ്പിച്ച ഉപരോധത്തിനെതിരെ 12 വർഷം നീണ്ട അന്താരാഷ്ട്ര പ്രചാരണം സംഘടിപ്പിച്ചു. യുഎസിൽ നടക്കുന്നത്‌ ധനികവാഴ്‌ചയാണെന്ന്‌ തുറന്നടിച്ച അദ്ദേഹം വധശിക്ഷയെയും ഫോൺ ചോർത്തലിനെയും എതിർത്തിരുന്നു. മനുഷ്യാവകാശം എന്നത്‌ സമാധാനം, സമത്വം, സാമൂഹ്യ, സാമ്പത്തിക നീതി എന്നിവയ്ക്കുള്ള അവകാശമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌.

അറബ്‌ ലോകത്തിന്‌ പ്രിയപ്പെയാളായിരുന്ന അദ്ദേഹം, പലസ്‌തീനിന്റെ അവകാശത്തിനായി ശക്തമായി നിലകൊണ്ടു‌. ക്യൂബയ്‌ക്കുമേലുള്ള യുഎസ് ഉപരോധത്തിനെതിരെ പ്രചാരണം നയിച്ച അദ്ദേഹത്തിന്‌‌ 2012ൽ ‘ഐക്യദാർഢ്യ മെഡൽ’ നൽകി ക്യൂബ ആദരിച്ചിരുന്നു.

യുഎസ് അറ്റോർണി ജനറലും പിന്നീട്‌ സുപ്രീംകോടതി ജഡ്‌ജിയുമായിരുന്ന ടോം സി ക്ലാർക്കിന്റെ മകനായി 1927 ഡിസംബർ 18നായിരുന്നു ജനനം. ലിൻഡൺ ജോൺസന്റെ ഭരണകാലത്താണ്‌ അറ്റോർണി ജനറലായത്‌. വംശീയതക്കെതിരെയും മറ്റും അന്നുണ്ടായ ഉടപെടലുകൾ ചരിത്രത്തിൽ ഇടംപിടിച്ചു. 2005ൽ മുംബെെയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിൽ പ്രധാന പ്രഭാഷകരിൽ ഒരാളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here