കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് അംഗങ്ങളുടെ ദുഖത്തില്‍ തങ്ങളും പങ്കുചേരുന്നതായി വൈറ്റ്ഹൗസ് പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ ബൈഡന്‍ അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് തലവന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ തന്റെ കുടുംബത്തിന്റേയും അമേരിക്കന്‍ ഗവണ്‍മെന്റിന്റേയും അമേരിക്കന്‍ ജനതയുടേയും അനുശോചനം അറിയിക്കുന്നതായി കുറിപ്പില്‍ ബൈഡന്‍ വ്യക്തമാക്കി.

സഭാമക്കള്‍ക്ക് സാമൂഹിക നീതിയും തുല്യതയും മാനുഷിക പരിഗണനകളും ഉറപ്പു വരുത്തുന്നതിന് പരിശുദ്ധ പിതാവ് ശക്തമായി നിലകൊണ്ടു. നോര്‍ത്ത് അമേരിക്കയില്‍ സഭയെ നവീകരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും മാനുഷികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ ലോകമെമ്പാടും സംരക്ഷിക്കപ്പെടുന്നതിനായുള്ള സമര്‍പ്പണവും വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ നേതൃപാടവവും പ്രാഭവവുമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മ കാലങ്ങളോളം നിലനില്‍ക്കുമെന്നും ബൈഡന്‍ അനുശോചനക്കുറിപ്പില്‍ എഴുതി.

പരിശുദ്ധ പിതാവിന്റെ പ്രഭാവം ഒരിക്കലും അവസാനിക്കുന്നില്ലെന്നും ലോകം മുഴുവനുമുള്ള വിശ്വാസികളെ കൂടുതല്‍ ബലപ്പെടുത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ ജീവിതം ഇനിയും സഹായകമാകുമെന്നുമുള്ള ബോധ്യത്താല്‍ മലങ്കര സഭാംഗങ്ങള്‍ ആശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ സഭാംഗങ്ങളെ ഓര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here