കൊളോനോസ്‌കോപ്പിക്ക് വിധേയനാകുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ പവര്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് താല്‍ക്കാലികമായി കൈമാറുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രാവിലെ, പ്രസിഡന്റ് സാധാരണ ശാരീരിക പരിശോധനകള്‍ക്കായി വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററിലേക്ക് പോകും. ആവശ്യമെങ്കില്‍, സാധാരണ കൊളോനോസ്‌കോപ്പിക്ക് വിധേയനാകും’ പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

ബിഡന്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷം വൈറ്റ് ഹൗസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് സാകി പറഞ്ഞു. ഭരണാഘടനാ പ്രകാരമാണ് അനസ്‌തേഷ്യ സ്വീകരിക്കുന്നതിന് മുന്‍പ് പ്രസിഡന്റ് താല്‍ക്കാലിക അധികാര കൈമാറ്റം നടത്തുന്നത്. ശനിയാഴ്ച ജോ ബൈഡന് 79 വയസ്സ് തികയും. പ്രസിഡന്റ് പദവി വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം.

അതേസമയം ബൈഡന്റെ ആരോഗ്യം സംബന്ധിച്ച് റിപ്പബ്ലിക്കന്മാര്‍ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പ്രസിഡന്റ് പദവി വഹിക്കാന്‍ തക്കവിധം ബൈഡന്‍ ആരോഗ്യവാനല്ലെന്നായിരുന്നു പ്രധാന ആരോപണം. പ്രസിഡന്റിന്റെ ആരോഗ്യ നില സംബന്ധിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ട് വേണം ഭരണം തുടരാനെന്നും പ്രതിപക്ഷം ആരോപിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈഡനെക്കുറിച്ചുള്ള അവസാനത്തെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് 2019 ഡിസംബറിലാണ് പുറത്തിറങ്ങിയത്. ‘ആരോഗ്യമുള്ള, ഊര്‍ജ്ജസ്വലനായ, 77 വയസ്സുള്ള പുരുഷന്‍, പ്രസിഡന്‍സിയുടെ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ യോഗ്യന്‍ എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. അതേസമയം അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പില്‍ വോട്ടര്‍മാരില്‍ പകുതിയോളം പേരും പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here