രാജേഷ് തില്ലങ്കേരി


ന്യൂഡൽഹി : കർഷകരുടെ നട്ടെല്ലൊടിക്കുന്ന വിവാദ കാർഷിക ബിൽ എന്തിനാണ് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ പരാജയമാണ് വിവാദ കാർഷിക നിയമം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്. കർഷകരെ ഒരു വർഷക്കാലം സമരത്തിനറക്കിയത് എന്തിനായിരുന്നു. കർഷക വിരുദ്ധമായ ഒരു ബിൽ പിൻവലിക്കാൻ ഇത്രയും കാലം കർഷകർ തെരുവിൽ ഇരിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്. ബി ജെ പി യെന്ന പ്രസ്ഥാനം രാജ്യത്തെ ജനങ്ങളെ വിവിദ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇത് ആദ്യമല്ല. കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നതും പുതിയ സംഭവമല്ല. എന്നാൽ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചാബിലെയും യു പിയിലെയും ഹരിയാനയിലെയും ആയിരങ്ങൾ തെരുവിലറങ്ങിയിട്ട് ഒരു വർഷമാവുകയാണ്.

രാജ്യത്തെ കാർഷികമേഖലയുടെ കുത്തക കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിനുള്ള നീക്കമായിരുന്നു നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നതെന്ന് ഏവർക്കും അറിയാവുന്ന രഹസ്യമായിരുന്നു. കർഷകരെ രക്ഷിക്കാനാണ് മൂന്ന് കാർഷിക നിയമങ്ങൾ ബില്ലായി അവതരിപ്പിക്കുന്നതെന്നായിരുന്നു പ്രതിഷേധത്തിന്റെ ആദ്യനാളുകളിൽ സർക്കാർ പറഞ്ഞു വന്നിരുന്നത്. ഇടനിലക്കാരിൽ നിന്നും കർഷകരെ സംരക്ഷിക്കുന്നതിനുള്ള ആദ്യപടിയാണ് കാർഷിക ബിൽ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ കാർഷ ബിൽ പിൻവലിക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിന്നു. ആദ്യ ഘട്ടത്തിൽ സംയുക്ത കിസാൻ സഭയുടെ നീക്കത്തെ പുച്ഛിക്കാനും സമരക്കാരെ അധിക്ഷേപിക്കാനുമാണ് സർക്കാർ തയ്യാറായത്. എന്നാൽ പഞ്ചാബികളും ഹരിയാനക്കാരും ഉത്തർ പ്രദേശുകാരുമായ സമരക്കാർ സമരം ഉപേക്ഷിച്ച് പിന്നോട്ട് പോവാൻ തയ്യാറായില്ല. ഇത് ഇന്ത്യൻ സമര ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഏടായിമാറുകയായിരുന്നു.

എന്തുകൊണ്ടാണ് സമരത്തെ ആദ്യം സർക്കാർ ഗൗനിക്കാതിരുന്നതെന്ന് പരിശോധിക്കാം. ഏത് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെയും തകർക്കാൻ പറ്റുന്ന നന്ത്രങ്ങൾ മെനയുകയെന്നതാണ് ആർ എസ് എസിന്റെ ശൈലി. അത് അവർ ആദ്യ ഘട്ടങ്ങളിൽ വളരെ ശക്തമായി നടപ്പാക്കി. എന്നാൽ സിക്കുകാരായ സമരക്കാരെ തകർക്കാൻ അതൊന്നും പോരായിരുന്നു.
ഒരു സമരം എങ്ങിനെ ഇത്രയും വ്യക്തതയോടെ നയിക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഡൽഹിയിലെ കർഷക സമരം. നിരവധി സമരക്കാർ മരിച്ചുവീണപ്പോഴും ആ സമരഭടൻമാരുടെ മനസിൽ ഒരിക്കലും ഭീതിയുണ്ടായില്ല. സമരം അവസാനിപ്പിച്ച് പിൻമാറേണ്ടിവരുമെന്ന് പലപ്പോഴായി പൊലീസും സർക്കാരും ഓർമ്മപ്പെടുത്തിയപ്പോഴും സമരക്കാർ കുലുങ്ങിയില്ല. അത്രയേറെ ദൃഢമായിരുന്നു ആ സമരവും സമര ഭടൻമാരും.

ഇത്രയും സമാധാനത്തോടെ നടന്ന സമരം ഉണ്ടാവുമോ എന്നു ചോദിച്ചാൽ സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട എറ്റവും വലിയ സമരമാണ് കിസാൻ സഭ നടത്തിയതെന്ന് പറയേണ്ടിവരും. നിശ്ചയദാർഢ്യവും മനസിന്റെ കരുത്തുമാണ് കർഷക സമരത്തിന്റെ വിജയത്തിന് പ്രധാന ചാലകശക്തി.

ഒരു വർഷത്തിനിടെ പൊലിഞ്ഞത് 600 ൽപരം കർഷകരുടെ ജീവനുകളാണ്. ഒരു കാര്യം ഉറപ്പാണ്, ഓരോ സമര ഭടന്മാരും തെരുവിൽ പൊലിയുമ്പോഴും സമരത്തിന്റെ വീര്യം കൂടുകയായിരുന്നു. ഒപ്പം സർക്കാരിനെതിരെയുണ്ടായ പോരാട്ടത്തിന് വീര്യം കൂടുകയും ചെയ്തു കൊണ്ടേയിരുന്നു.

സമരം എന്നാൽ പൊതുമുതൽ നശിപ്പിക്കലും ജനതുയെ സാധാരണ ജീവിതം തകർക്കലുമാണെന്ന് തെറ്റിദ്ധരിച്ച ഒരു സമൂഹത്തിന് മാതൃകയായിരുന്നു കർഷക സമരം. ഗാന്ധിയൻ മാർഗത്തിൽ അധിഷ്ഠിതമായൊരു സമര രീതിയായിരുന്നു തുടക്കംമുതൽ അനുവർത്തിച്ചിരുന്നത്.

സമരത്തെ അടിച്ചമർത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ബി ജെ പി സർക്കാരിന്റെ ഭാഗത്തുനിന്നും തുടർന്നു കൊണ്ടിരുന്നപ്പോഴും ഒരിക്കലും പ്രകോപിതരാവാതെയാണ് സമരവുമായി കർഷക സംഘടനകൾ മുന്നോട്ടു പോയതെന്ന് ഓർക്കണം. പലതരത്തിലുള്ള പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ബി ജെ പിയും അനുയായികളും ശ്രമിച്ചുകൊണ്ടേയിരുന്നു.  ലിഖിൻപൂരിൽ കർഷക സമരത്തിനു നേരെ വണ്ടി ഓടിച്ചു കയറ്റിയ സംഭവങ്ങൾ ഉണ്ടായപ്പോഴും, നിരവധി സമര ഭടന്മാർ പിടഞ്ഞു മരിച്ചപ്പോഴും സമരം അക്രമാസക്തമായില്ല എന്നത് സമരം സംഘടിപ്പിച്ചവരുടെ മേന്മയായി. സമരത്തിൽ പ്രകോപനപരമായ ചില മുദ്രാവാക്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരത്തിലുള്ള പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് സമരക്കാരെ വിലക്കിയിരുന്നു.

സമരം ഒരു വർഷം നീണ്ടു നിന്നപ്പോഴും പൊതു ജനത്തിന് പരാതിയില്ലാത്ത രീതിയിലാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. സമരം കാരണം ഒരിടത്തും മാലിന്യ കൂമ്പാരമുണ്ടായില്ല. വൃത്തിഹീനമായ ഒരു സാഹചര്യം ഉണ്ടാവരുതെന്ന് സമര സംഘാടനകർ തീരുമാനിച്ചിരുന്നു. എത്രകാലം സമരം നീണ്ടാലും സമരവുമായി മുന്നോട്ടു പോവാനുള്ള തീരുമാനവുമായാണ് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഓരോ കർഷകനും സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയത്. നൂറുക്കണക്കിന് സ്ത്രീകളും യുവാക്കളും അണിനിരന്ന സമരമാണ് ക്ലോസിംഗ് പോയിന്റിലേക്ക് നീങ്ങുന്നത്. സമരത്തിന്റെ സംഘാടനം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നത് ലോകം എന്നും ചർച്ച ചെയ്യുകതന്നെ ചെയ്യും.

പിന്നെ ഈ സർക്കാരിന് എങ്ങിനെയാണ് നേർ ബുദ്ധി തോന്നിച്ചതെന്ന ചോദ്യത്തിന് വളരെയൊന്നും ആലോചിക്കാതെ ഉത്തരം നൽകാൻ കഴിയും. ഒന്ന് ബി ജെ പിക്ക് പൊളിറ്റിക്കലി ഉണ്ടാവാൻ സാധ്യതയുള്ള വമ്പിച്ച തിരിച്ചടിയാണ് ഒരു പ്രധാന കാരണമായി സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ജനം കയ്യൊഴിയുമെന്ന് നേതാക്കൾ ഭയന്നു. പഞ്ചാബിലും യു പിയിലും മറ്റുമായി ഉണ്ടാവാൻ സാധ്യതയുള്ള കർഷക രോഷം ഒന്നു തണുപ്പിക്കണം, അതിനായുള്ള വലിയ നീക്കത്തിന്റെ ഭാഗമാണ് വിവാദ കാർഷിക ബിൽ പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകം.

ആർക്കാണ് വോട്ടുചെയ്യേണ്ടതെന്ന് കർഷകർക്കും തീരുമാനമെടുക്കാം. പഞ്ചാബിലെ  കോൺഗ്രസ് അധിപത്യം തകർക്കുകയെന്ന ലക്ഷ്യം ബി ജെപി നേതൃത്വത്തിനുണ്ട്. എന്നാൽ എങ്ങിനെ നടപ്പാക്കാൻ കഴിയുമെന്ന് നേതൃത്വത്തിന് വ്യക്തതയില്ല. ഇത്തരത്തിൽ കോൺഗ്രസിന് തിരിച്ചടി കിട്ടാൻ സാധ്യതയുള്ള പ്രധാന സംസ്ഥാനത്തെ എങ്ങിനെ കൂടെ നിർത്താമെന്നും ബി ജെ പി നേതൃത്വം ആലോചിച്ചു. അതിന്റെ ഭാഗം കൂടിയാണ് വളരെ നാടകീയമായുള്ള പ്രധാന മന്ത്രിയുടെ പ്രഖ്യാപന വരുന്നത്.

കോർപ്പറേറ്റ് അജണ്ട എന്തായാലും അവർ നടപ്പിലാക്കും, അത് എന്തായിരിക്കുമെന്ന് നമുക്ക് വ്യക്തമല്ല. എന്നാൽ ഒരു കാര്യ വ്യക്തമാണ്, കർഷരുടെ സംഘബലത്തിനുമുന്നിൽ മുട്ടുകുത്തിയ നരേന്ദ്രമോദി ഇതിലും വലിയ പ്രഹരം കർഷകർക്ക് നൽകുമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. അത് എന്തായിരിക്കുമെന്നാണ് കർഷകരുടെ ചോദ്യം. എന്തായാലും മോദി അത്രപെട്ടെന്ന് ഭയന്നു പിൻവലിയുന്ന ഭരണാധികാരിയല്ലെന്ന് ഏവർക്കും അറിയാം.

ലോക നേതാവായി അറിയപ്പെടാനുള്ള ശ്രമങ്ങളിലാണല്ലോ മോദി. എന്നാൽ രാജ്യത്തെ കർഷകർ ഒരു വർഷമായി നടത്തുന്ന സമരത്തെ കണ്ടെല്ലെന്ന് നടിക്കുന്ന ഈ പ്രധാനമന്ത്രിയെ ആരാണ് ലോക നേതാവായി കാണുക. പല കോണുകളിൽ നിന്നും വലിയ പ്രതിഷേധമാണ് പ്രധാനമന്ത്രി ദിനേന കണ്ടുകൊണ്ടിരിക്കുന്നത്. ലോക നേതാക്കളുടെ പ്രതിഷേധവും കാർഷിക ബില്ലുകൾ പിൻവലിക്കാൻ മോദിയെ പ്രേരിപ്പിച്ചുവെന്നതാണ് സത്യം.

ഒരു കാര്യംകൂടി ഈ കർഷസമരുമായി ബന്ധപ്പെടുത്തി പറയേണ്ടതുണ്ട്. അത് കോൺഗ്രസ് എന്ന പാർട്ടിയുടെ ദുർബലമായ അവസ്ഥയും, പ്രിയങ്കാ ഗാന്ധിയുടെ സമയോചിതമായ ഇടപെടലുമായിരുന്നു. ലഖിംപൂർ സംഭവത്തിൽ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടൽ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകിയത്. ഒരു ദേശീയ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ആവോളം ലഭിച്ചിട്ടുള്ള നേതാവാണ് പ്രിയങ്കാ ഗാന്ധിയെന്ന് തെളിയിക്കാൻ അവർക്ക് അവസരം ലഭിച്ചു. ഒരു ചമ്പാരൻ സത്യഗ്രഹം പോലെ, കോൺഗ്രസിന് മുന്നിൽ നിന്നുനയിക്കാമായിരുന്ന ഒരു സമരം കോൺഗ്രസിന് വലിയ കൈകളൊന്നുമില്ലാതെ അവസാനിക്കുകയാണ്.
ഒരു കാര്യം ഉറപ്പായും പറയാം, അധികാരത്തിന്റെ ഹുങ്കിൽ എന്നും ചെയ്യാമെന്ന ബി ജെ പി യുടെയും കേന്ദ്രസർക്കാരിന്റെ തീരുമാനാണ് ഇതിനെല്ലാം കാരണം. ജനകീയ പ്രക്ഷോങ്ങളെ കാണാതെ ഒരു സർക്കാരിനും മുന്നോട്ടു പോവാനാവില്ല. ഒരു രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഡൽഹിയിൽ കർഷകർ നയിച്ചത്. അത് കാലം തെളിയിക്കുകതന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here