ചാലക്കുടി: കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായി സൂചന. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തില്‍ ഈ വിവരമുണ്ടെന്നാണ് അറിയുന്നത്. പരിശോധനാഫലം വെള്ളിയാഴ്ച അധികൃതര്‍ക്ക് കൈമാറിയേക്കും.
ഓര്‍ഗാനോ ഫോസ്ഫേറ്റ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയാണ് ഇതെന്നാണ് നിഗമനം. മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഇതിനിടെ, മരണത്തില്‍ സംശയങ്ങളുണ്ടെന്ന് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറഞ്ഞു. ഒപ്പം മദ്യപിച്ചവരുടെ ശരീരത്തിലില്ലാത്ത മീഥൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍) മണിയുടെ ശരീരത്തില്‍മാത്രം വന്നത് എങ്ങനെയെന്നാണ് സംശയമെന്ന് അദ്ദേഹം പറഞ്ഞു.

മണിയോടൊപ്പം പാഡിയിലെത്തി മദ്യപിച്ചിരുന്നവരെയാണ് സംശയം. പ്രത്യേകിച്ച് മദ്യം ഒഴിച്ചുകൊടുത്ത മൂന്നുപേരെ. മണിയുടെ ചില ജോലിക്കാരെയും സംശയിക്കുന്നു. ജോലിക്കാര്‍ പെട്ടെന്നുതന്നെ പാഡി വൃത്തിയാക്കിയതിലും ദുരൂഹതയുണ്ട്. മണിയുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സഹോദരന്‍ മാതൃഭൂമിയോടു പറഞ്ഞു.

മാര്‍ച്ച് 6ന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യാസ്പത്രിയിലാണ് മണി മരിച്ചത്. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പറഞ്ഞതിനെത്തുടര്‍ന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു.
നടന്‍ സാബുവിനെ ചോദ്യംചെയ്തു
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ സാബുവിനെ ചോദ്യംചെയ്തു. ചാലക്കുടിയില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് കലാഭവന്‍ മണിയുടെ അടുത്തെത്തിയതെന്ന് സാബു മൊഴിനല്‍കി. മണിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയും വ്യാഴാഴ്ച ചോദ്യംചെയ്തു.

ഷൂട്ടിങ് കഴിഞ്ഞ് താനും ജാഫര്‍ ഇടുക്കിയുംകൂടി മാര്‍ച്ച് നാലിനാണ് കലാഭവന്‍ മണിയുടെ വിശ്രമസങ്കേതമായ പാഡിയിലെത്തിയതെന്ന് സാബു മൊഴിനല്‍കി. മദ്യപിച്ചിരുന്നെന്ന് സാബു സമ്മതിച്ചതായും പോലീസ് പറഞ്ഞു. ആസ്പത്രിയിലാക്കുന്നതിന് തലേദിവസം മണിയെ കണ്ടിരുന്നതായും മണി മദ്യപിച്ചിരുന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് സാബു മാധ്യമങ്ങളോട് പറഞ്ഞത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് വാട്സ് ആപ്പിലും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചതുമൂലം സാബുവിന്റെ ചോദ്യംചെയ്യലിന് വന്‍വാര്‍ത്താപ്രാധാന്യമാണ് കൈവന്നത്. തനിക്കെതിരെ വന്ന വാര്‍ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here