ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് നേതൃസ്ഥാനം എന്ന് പറയുന്നത് ആരുടേയും ദൈവീക അവകാശമല്ലെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മമതാ ബാനർജി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പിന്നാലെയാണ് പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. യു പി എ എന്ന സഖ്യം ദേശീയ രാഷ്ട്രീയത്തിൽ നിലവിലില്ലെന്നായിരുന്നു മമതയുടെ പരാമർശം.

കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആദർശങ്ങൾ ശക്തമായ ഒരു പ്രതിപക്ഷത്തിന് വേണ്ടതാണ്. എന്നാൽ രാജ്യത്തെ 90 ശതമാനത്തിലേറെ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട അവസ്ഥയിൽ കോൺഗ്രസ് നേതൃസ്ഥാനം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ശരിയല്ല. കോൺഗ്രസ് നേതൃസ്ഥാനം ദൈവീകമായി ലഭിക്കുന്ന അവകാശമല്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് വരേണ്ട വ്യക്തിയെ ജനാധിപത്യപരമായി തന്നെ തിരഞ്ഞെടുക്കട്ടെയെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാക്കളുമായി തെറ്റിയ ശേഷം പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കളെ നിരന്തരം വിമർശിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മുംബയിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിൽ എപ്പോഴും വിദേശത്ത് കഴിയുന്ന ഒരാൾ എങ്ങനെയാണ് ഇന്ത്യയിലെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുകയെന്ന് മമതയും ചോദിച്ചിരുന്നു, രാഷ്ട്രീയത്തിൽ നിരന്തരമായ ഇടപ്പെടലുകൾ ഉണ്ടായാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്നും രാഹിലിന്റെ പേരെടുത്ത് പറയാതെ മമത വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here