ന്യുഡല്‍ഹി: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. വെല്ലിംഗ്ടണ്‍ റെജിമെന്റ് സെന്ററില്‍ നിന്നും കോയമ്പത്തൂര്‍ വഴി ഡല്‍ഹിയിലെത്തിച്ചശേഷം രാജ്യത്തിന്റെ ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്നായിരിക്കും വീട്ടുകാര്‍ക്ക് വിട്ടുനല്‍കുക. സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം പൂര്‍ണ്ണ ​സൈനിക ബഹുമതി നല്‍കും.

അപകടത്തെ കുറിച്ച് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘത്തെ ഇന്നലെ തന്നെ രൂപീകരിച്ചു. മൂന്നു സേനകളുടെയും പ്രതിനിധികളും വിദഗ്ധരും അടങ്ങുന്നതാണ് സംഘം. സംഘം അപകട സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും പ്രതിരോധമന്ത്രി അറിയിച്ചു.

ഇന്നലെ 11.48നാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടുന്ന സംഘം സുലൂരില്‍ നിന്ന് യാത്ര തിരിച്ചത്. 12.15ന് ഹെലികോപ്ടര്‍ വെല്ലിംഗ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് കോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും സഭാ അധ്യക്ഷന്‍മാര്‍ അനുശോചന സന്ദേശം വായിച്ചിരുന്നു. ആദ്യം ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലുമാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയത്. കക്ഷിനേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവദിക്കണമെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടുവെങ്കിലും അധ്യക്ഷന്‍ അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് നേരിയ ബഹളവുമുണ്ടായി.

അതിനിടെ, അപകടത്തെ കുറിച്ച് ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം കൂടി നടത്തണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നല്‍കി. സൈനികതലത്തിലുള്ള അന്വേഷണത്തിനൊപ്പമായിരിക്കണം ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ മരിക്കാനിടയായ അപകടമായതില്‍ സൈനിതല അന്വേഷണം മാത്രം പര്യാപ്തമല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

അതിനിടെ, അപകടത്തെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലും വി.ശിവദാസന്‍ രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here