എതിരാളികൾ ഉയർത്തുന്ന വിവാദങ്ങൾക്ക് ചെവി കൊടുക്കരുതെന്ന് ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കാനാണ് പ്രതിപക്ഷം തുടർച്ചയായി വിവാദങ്ങളുണ്ടാക്കുന്നത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തകർ ആത്മാർഥമായി ശ്രമിക്കണം. വിമർശനങ്ങളെ നേരിടുമെന്നും എന്നാൽ രാഷ്ട്രവിരോധം വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആവിഷ്കാര സ്വതന്ത്ര്യമെന്നത് രാജ്യത്തിന്റെ നാശത്തിനായി ശ്രമിക്കാനുള്ള അനുമതിയോ അവകാശമോ അല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്ന് പ്രസ്താവിച്ചിരുന്നു. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരെ അറിയിക്കവെയാണ് ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനെതിരായ ഒരുതരത്തിലുള്ള ആക്രമണവും വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യോഗം ഉദ്ഘാടനം െചയ്തുകൊണ്ട് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ആവിഷ്കാര സ്വാതന്ത്ര്യവും ദേശീയതയും നിർബന്ധമായും ഒന്നിച്ചു പോകേണ്ടതാണ്. വിയോജിക്കാനും എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. അതുപക്ഷേ രാജ്യത്തിന്റെ നാശത്തിനുള്ളതല്ല – അരുൺ ജയ്റ്റ്ലി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here