ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,17,163 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 302 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 30,836 പേര്‍ ഇന്നലെ രോഗമുക്തരായി. 3,43,71,845 പേര്‍ ഇതുവരെ രോഗമുക്തരായി.

പ്രതിദിന കേസുകളില്‍ മുന്‍ ദിവസത്തെ അപേക്ഷിച്ച് 28% വര്‍ധനവ് ഉണ്ടായി. ഒരാഴ്ചയ്ക്കുള്ളിലാണ് 10,000ല്‍ നിന്ന് ഒരു ലക്ഷം കടക്കുന്നത്. ഇതുവരെ 3,53,36,356 പേര്‍ കോവിഡ് ബാധിതരായി. 4,83,178 പേര്‍ മരണമടഞ്ഞു. 7.74% ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,71,363 സജീവ രോഗികളുമുണ്ട്. 149.66 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3007 ആയി. 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 1,199 പേര്‍ രോഗമുക്തരായി.

അതിനിടെ, ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ 125 യാത്രക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ കടന്നുകളഞ്ഞതായി റിേപ്പാര്‍ട്ട് 13 രോഗികളാണ് കടന്നുകളഞ്ഞത്. ഒമ്പത് പേര്‍ വിമാനത്താവളത്തില്‍ നിന്നും നാല് പേര്‍ ആശുപത്രിയില്‍ നിന്നുമാണ് മുങ്ങിയത്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ അമുത്സര്‍ കലക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇവര്‍ സ്വയം ഐസോലേഷന് വിധേയമായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മുന്നറിയിപ്പായി ചിത്രമടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

ചണ്ഡിഗഢില്‍ ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. അത്യാവശ്യ സേവനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. വിദ്യഭ്യാസ സ്ഥാപനങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലെക്‌സുകളും അടച്ചിടും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50% വീട്ടിലിരുന്നുള്ള ജോലി ഏര്‍പ്പെടുത്തി. സിനിമശാലകള്‍, മാളുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പകുതി ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. ചടങ്ങുകള്‍ക്ക് അടച്ചിട്ട ഹാളുകളില്‍ 50 പേര്‍ക്കും തുറസ്സായ ഇടങ്ങളില്‍ 100 പേര്‍ക്കും പങ്കെടുക്കാം.

ഡല്‍ഹിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് റേഷന്‍ കിറ്റുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി സ്‌കൂള്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ നാല് ദിവസത്തിനുള്ളില്‍ 338 റെസിഡന്റ് ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബിഹാറില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും ഹോസ്റ്റലുകളും ജനുവരി 21 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ 50% ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഒമിക്രോണ്‍ മുന്‍ വകഭേദമായ ഡെല്‍റ്റ പോലെ മാരകമല്ലെങ്കിലും പ്രഹരശേഷി ഇല്ലാത്തതാണെന്ന് കരുതേണ്ടെന്ന് ലോകാേരാഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥ്‌നോം ഗെബ്രിയേസസ് പറഞ്ഞു. രോഗബാധിതരെ ആശുപത്രിയില്‍ ആക്കാനും കൊല്ലാനും ശേഷിയുള്ളതു തന്നെയാണ് ഒമിക്രോണും. ഈ സുനാമി വളരെ വലുതും വേഗത്തിലുമാണ് വരുന്നത്. ഇത് ലോകത്തെ എല്ലാ ആരോഗ്യ സംവിധാനങ്ങളെയും തകിടം മറിക്കുംം- അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here